ഗണിത ശാസ്ത്ര ഒളിംപ്യാഡ്: ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

Posted on: September 11, 2014 8:15 pm | Last updated: September 11, 2014 at 8:21 pm

maths olipiad

സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഗണിത ശാസ്ത്ര ഒളിംപ്യാഡിന് ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബര്‍ ഏഴിന് നടക്കുന്ന മേഖലാ തല മല്‍സരത്തിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. 10, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, കൊട്ടാരക്കര, ചങ്ങനാശേരി, ആലപ്പുഴ, എറണാകുളം, കോതമംഗലം, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്ററുകളുള്ളത്. പുതിയ കേന്ദ്രങ്ങള്‍ക്കുള്ള അപേക്ഷകളും പരിഗണിക്കും. ഉച്ചക്ക് ഒന്നു മുതല്‍ നാല് വരെയാണ് പരീക്ഷ. പരീക്ഷക്ക് കൃത്യമായ സിലബസില്ലെങ്കിലും പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

മേഖലാ മല്‍സരങ്ങളില്‍ മുന്നിലെത്തുന്ന ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്ന് 5000 രൂപ വീതം പാരിതോഷികവും പ്രൊഫ സി എസ് വെങ്കട്ടരാമന്‍ മെമ്മോറിയല്‍ പ്രൈസും ലഭിക്കും. മേഖലാ തലത്തിലെ ആദ്യ 20 സ്ഥാനക്കാര്‍ക്ക് ഫെബ്രുവരി 20ന് കുസാറ്റില്‍ നടക്കുന്ന ദേശീയ ഗണിതശാസ്ത്ര ഒളിംപ്യാഡില്‍ പങ്കെടുക്കാം.

ദേശീയതലത്തിലെ ആദ്യ 30 സ്ഥാനക്കാരെ ഉള്‍പ്പെടുത്തി പരിശീലന ക്യാമ്പ് നടത്തി, അതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തായ്‌ലന്റില്‍ നടക്കുന്ന രാജ്യാന്തര ഗണിത ശാസ്ത്ര ഒളിംപ്യാഡില്‍ പങ്കെടുക്കാം. ദേശീയതല വിജയികള്‍ക്ക് ഉന്നത പഠനത്തിന് എന്‍ ബി എച്ച് എം സ്‌കോളര്‍ഷിപ്പുകളുമുണ്ട്.

പരീക്ഷക്ക് നിശ്ചിത അപേക്ഷാ ഫോമില്ല. സ്‌കൂള്‍ പ്രധാനാധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്, അഡ്രസ്, ഫോണ്‍ നമ്പര്‍, ഇ മെയില്‍, പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന സെന്റര്‍ എന്നീ വിവരങ്ങളോടെ അപേക്ഷകള്‍ അയച്ചാല്‍ മതി. റീജിനല്‍ കോ ഓര്‍ഡിനേറ്റര്‍, ഐ എന്‍ എം ഒ എന്ന പേരില്‍ എസ് ബി ടി കുസാറ്റ് ക്യാംപസ് ശാഖയില്‍ മാറാവുന്ന 50 രൂപയുടെ ഡി ഡിയും ഒപ്പം അയക്കണം.

അപേക്ഷ അയക്കേണ്ട അഡ്രസ്: ഡോ. പി എം മാത്യു, ജോ: കോ-ഓര്‍ഡിനേറ്റര്‍(ഐ എന്‍ എം ഒ), സെന്റ് ജോസഫ് കോളേജ്, ദേവഗിരി കോഴിക്കോട് 673008

കൂടുതല്‍ വിവരങ്ങള്‍ക്ക്:0484 2577518