രാജ്യത്തിന്റെ ഐക്യത്തിനായി വിമതര്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കും: ഉക്രൈന്‍

Posted on: September 10, 2014 11:15 pm | Last updated: September 10, 2014 at 11:15 pm
SHARE

ukraine president petro poroshenkoകീവ്: രാജ്യത്തിന്റെ ഐക്യത്തിനായി വിമതര്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ്. നിലവിലെ വെടിനിര്‍ത്തല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ കര്‍ക്കശമാക്കി മാറ്റിയെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പ്രൊഷെന്‍കോ പറഞ്ഞു. എന്നാല്‍ വിമതര്‍ മറ്റൊരു നഗരം കൂടി പിടിച്ചടക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റിന്റെ വാഗ്ദാനം സംബന്ധിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച ഒരു വിമത നേതാവ് തങ്ങള്‍ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയാണെന്ന് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യന്‍ അനുകൂല വിമതരും ഉക്രൈന്‍ സൈന്യവും തമ്മില്‍ പോരാട്ടം നടക്കുന്ന ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഏപ്രിലില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 2,600 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം പ്രൊഷോന്‍കോയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ടെലഫോണില്‍ ബന്ധപ്പെടുകയും നിലവിലെ സ്ഥിതിയില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ലുഹാന്‍സ്‌കയില്‍ വിമതര്‍ ഉക്രൈന്‍ സൈന്യത്തിന്റെ ടാങ്കുകള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ക്കുകയും പടിഞ്ഞാറന്‍ ഉക്രൈനിലെ നിരവധി നഗരങ്ങള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി യുദ്ധം നടക്കുന്നതിനിടക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന് പ്രൊഷെന്‍കോ പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികളില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും വെടിനിര്‍ത്തലിനു മുമ്പ് ദിനംപ്രതി നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ മേഖലയെ രാജ്യത്തിന്റെ ഭാഗമാക്കിത്തന്നെ വിമതര്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്നതിന് പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ച് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.