ആഢംബര കാര്‍ വിപണിയിലേക്ക് എക്‌സ് ഇ മോഡലുമായി ജാഗ്വാര്‍

Posted on: September 10, 2014 6:43 pm | Last updated: September 10, 2014 at 7:04 pm
SHARE

Jaguar-XE-1ലണ്ടന്‍: ആഢംബര കാര്‍ പ്രമികള്‍ കാത്തിരുന്നു എക്‌സ് ഇ മോഡല്‍ ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ തിങ്കളാഴ്ച്ച പുറത്തിറക്കി. ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പുള്ളതുമായ അലൂമിനിയം ഉപയോഗിച്ചാണ് വാഹനത്തിന്റെ ഫ്രെയിം രൂപപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷിതത്വവും സ്ഥല സൗകര്യവും ലഭ്യമാവുന്ന വിധമാണ് കാറിന്റെ ക്യാബിന്‍ രൂപപ്പെടുത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗോട് കൂടി ജാഗ്വാര്‍ പുറത്തിറക്കുന്ന ആദ്യത്തെ മോഡലാണ് എക്‌സ് ഇ.

ഐ ഒ എസ്, ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ച് കാറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവും. കാറിന്റെ ശീതീകരണ സംവിധാനം, വാതിലുകളുടെ പ്രവര്‍ത്തനം, എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കുന്നത് തുടങ്ങിയവ ഏഴ് ദിവസം മുമ്പ് മുന്‍കൂട്ടി സെറ്റ് ചെയ്യാവുന്ന സംവിധാനം കാറിനുണ്ട്.

സ്ത്രീകളേയും കുട്ടികളേയും ലക്ഷ്യമിട്ടാണ് ജാഗ്വാര്‍ പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ബി എം ഡബ്ലിയു 3 സീരീസുമായാണ് ജാഗ്വാര്‍ എക്‌സ് ഇ മല്‍സരിക്കേണ്ടി വരിക. 2015 പകുതിയോടെ യൂറോപ്പിലും 2016ല്‍ അമേരിക്കയിലും ജാഗ്വാര്‍ എക്‌സ് ഇ വില്‍പനക്കെത്തും.