സവര്‍ണരുടെ കൃഷിയിടത്തില്‍ കടന്നു: ദലിത് അമ്മയേയും മകളേയും നഗ്നരാക്കി നടത്തി

Posted on: September 6, 2014 6:20 pm | Last updated: September 6, 2014 at 6:20 pm

dalith motherമീററ്റില്‍: സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരുടെ കൃഷിയിടത്തില്‍ പുല്ല് അരിയാന്‍ കയറിയതിന് ദലിത് സ്ത്രീയെയും മകളെയും നഗ്‌നരാക്കി റോഡിലൂടെ നടത്തി. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള ദെല്‍ഹൗര ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. കൃഷിയിടത്തില്‍ ഇവരെ കണ്ട ഭൂവുടമ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചെങ്കിലും ഗ്രാമമുഖ്യന്‍ മുഖേന വീണ്ടും ഇവരെ വിളിച്ച് വരുത്തുകയായിരുന്നു.

സ്ത്രീയെയും മകളെയും നഗ്‌നരാക്കി റോഡിലൂടെ നടത്താന്‍ ഗ്രാമമുഖ്യന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് സവര്‍ണരായ ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിക്കുകയും നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. സംഭവത്തിനെതിരെ ദലിത് സമുദായക്കാര്‍ പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ചു.

ദലിത് ശേഷിത് സമിതി എന്ന ദലിത് സംഘടനയുടെ നേതൃത്വത്തില്‍ ഈ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് പരാതി നല്‍കിയെങ്കിലും പോലീസ് നടപടി വൈകിപ്പിക്കുന്നു എന്നും ആരോപണമുണ്ട്. ഗ്രാമമുഖ്യനായ ജയ് സിംഗിനെ ഒന്നാം പ്രതിയാക്കിയാണ് പരാതി നല്‍കിയത്.

കേസ് എടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇത് രണ്ടു സ്ത്രീകളുമായുള്ള വഴക്കാണെന്നും പ്രശ്‌നം പറഞ്ഞു തീര്‍ത്തുവെന്നമാണ് പൊലീസ് പറയുന്നത്. സ്ത്രീകള്‍ വേറെ പരാതി നല്‍കിയാല്‍ കേസ് അന്വേഷിക്കാമെന്നും സബ് ഇന്‍സ്‌പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.