കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: വിജയം അവകാശപ്പെട്ട് സംഘടനകള്‍

Posted on: September 5, 2014 8:42 am | Last updated: September 5, 2014 at 8:42 am
SHARE

studentsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം അവകാശപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍. സംഘടന അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ മറ്റ് കോളജുകളില്‍ എം എസ് എഫ് മുന്നണി മുന്‍തൂക്കം നേടി. ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 20 കോളജുകളില്‍ 16 ഇടങ്ങളില്‍ കോളജ് യൂനിയനും 26 യു യു സി മാരില്‍ 20 യു യു സിയും നേടിയതായി എസ് എഫ് ഐ അവകാശപ്പെട്ടു. എന്നാല്‍ സംഘടനാ അടിസ്ഥാനത്തിലും അല്ലാതെയും ജില്ലയില്‍ 22 യൂനിയനുകള്‍ ഒറ്റക്കും നാലെണ്ണം സഖ്യമായും നേടിയതായി എം എസ് എഫ് പറഞ്ഞു. 36 യു യു സിമാരെയും വിജയിപ്പിച്ചതായി എം എസ് എഫ് നേതൃത്വം അവകാശപ്പെട്ടു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ചേളന്നൂര്‍ ശ്രീനാരയണഗുരു കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും എസ് എഫ് ഐ സ്വന്തമാക്കി. ദേവഗിരി കോളജിലും ക്രിസ്ത്യന്‍ കോളജിലും ജനറല്‍ ക്യാപ്ടന്‍ സീറ്റും യു യു സിയും ഇത്തവണ എസ് എഫ് ഐ തിരിച്ചുപിടിച്ചു. കാഴിക്കോട് മീഞ്ചന്ത ഗവ. ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ യൂനിയന്‍ ഭരണം എസ് എഫ് ഐ നിലനിര്‍ത്തിയെങ്കിലും ചെയര്‍മാന്‍ സീറ്റ് കെ എസ് യു- എം എസ് എഫ് സഖ്യത്തിന് ലഭിച്ചു. മൊകേരി ഗവ. കോളജില്‍ യൂനിയന്‍ എസ് എഫ് ഐക്ക് തന്നെയെങ്കിലും രണ്ട് ജനറല്‍ സീറ്റ് എം എസ് എഫിന് ലഭിച്ചു. കോടഞ്ചേരി ഗവ. കോളജ്, സി കെ ജി പേരാമ്പ്ര, ഗവ. ലോ കോളജ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂനിയന്‍ നിലനിര്‍ത്തി. ഫാറൂഖ് കോളജിലും മുക്കം എം എ എം ഒ കോളജിലും എം എസ് എഫ് സഖ്യം വിജയച്ചു.
ജില്ലയില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി യു യു സിമാരെ ജയിപ്പിക്കാന്‍ കഴിഞ്ഞതായി കെ എസ് യു അവകാശപ്പെട്ടു. 13 യു യു സിമാരാണ് കെ എസ് യുവിന് ലഭിച്ചത്. ദേവഗിരി കോളജ് യൂനിയന്‍ കെ എസ് യു നിലനിര്‍ത്തി.