362 മില്ലിഗ്രാം ഒരു ചെറിയ അളവല്ല

Posted on: September 3, 2014 6:00 am | Last updated: September 2, 2014 at 10:20 pm
SHARE

keedanashiniകൃഷിയെയും കര്‍ഷകരെയും ബാധിക്കുന്ന പന്ത്രണ്ട് കീടനാശിനികള്‍ എന്‍ഡോസള്‍ഫാന് പുറമെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നേരത്തെ കണ്ടെത്തിയിട്ടുള്ളത.് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം ഇവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ കാര്‍ബോ ഫിറാന്‍, ഫോറേറ്റ്, മോണോ ക്രോട്ടോഫോസ്, മീഥൈല്‍ പാരാതിയോണ്‍, മെറ്റാസിസ്‌റ്റോക്‌സ് എന്നീ കീടനാശിനികള്‍ കേരളത്തില്‍ പല കൃഷികള്‍ക്കും നിയന്ത്രണമില്ലാതെ ഉപയോഗിച്ചിരുന്നു. ഇതില്‍ കാര്‍ബോഫിറാന്‍ വ്യാപകമായാണ് ഉപയോഗിച്ചത്. ഈ കീടനാശിനികള്‍ ഏറ്റവും മാരകമായ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിനു തൊട്ടുതാഴെയുള്ള വിഭാഗത്തിലുള്ളതാണ് എന്‍ഡോസള്‍ഫാന്‍. എന്‍ഡോസള്‍ഫാനോടൊപ്പം വ്യാപകമായി ഉപയോഗിക്കുന്നത് ലിന്‍ഡെയ്ന്‍, മീഥൈല്‍ പാരാതിയോണ്‍ എന്നിവയാണ്. ഇതേ ഗണത്തില്‍പ്പെട്ട അലുമിനിയം ഫോസ്‌ഫൈഡ്, ഡി ഡി റ്റി, മീഥൈല്‍ ബ്രോമൈഡ്, സോഡിയം സയനൈഡ്, മീഥോക്‌സി ഈഥൈല്‍ മെര്‍കുറിക് ക്ലോറൈഡ്, മോണോ ക്രോട്ടോഫോസ്, ഫെനിട്രോതയോണ്‍, ഡയാസിനോണ്‍, ഫെന്‍തിയോണ്‍, ഡാസോമെറ്റ് എന്നിവയും കേരളത്തില്‍ ഉപയോഗിക്കുന്നതായി കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഇവയൊന്നും രാസനാമങ്ങളിലല്ല വിപണിയിലെത്തുന്നത്. കമ്പനികളുടെ പേരിലാണ്. അതുകൊണ്ടു തന്നെ ഈ കീടനാശിനികള്‍ വിതക്കുന്ന നാശത്തെക്കുറിച്ച് കര്‍ഷകര്‍ അജ്ഞരുമാണ്. 27 കീട നാശിനികള്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ട്രൈക്ലോറോ അസെറ്റിക് ആസിഡ്, കാല്‍സ്യം സയനൈഡ്, ക്ലോര്‍ഡെയിന്‍ എന്നിവ ഇതില്‍പ്പെടും. കൃഷിക്ക് എന്ത് ഉപയോഗിക്കണം, എത്രയളവില്‍ എന്നെല്ലാം തീരുമാനിക്കുന്നത് വളവും കീടനാശിനികളും വില്‍ക്കുന്ന കടക്കാരനോ ഡീലറോ ആണെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളി ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ 362 മില്ലിഗ്രാം വിഷാംശമുണ്ടെന്ന് പഠനം പറയുന്നു. മാംസാഹാരത്തില്‍ 356 മില്ലിഗ്രാമും സസ്യാഹാരത്തില്‍ 362 മില്ലിഗ്രാമുമാണ് വിഷം. അമേരിക്കയില്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ വെറും 7.6 മില്ലിഗ്രാം വിഷാംശം മാത്രമാണുള്ളത്. ബ്രിട്ടനില്‍ 12 മില്ലിഗ്രാമും കാനഡയില്‍ 13 മില്ലിഗ്രാമുമാണ്. അമിതമായ കീടനാശിനി ഉപയോഗമാണ് ഇന്ത്യക്കാരന്റെ ഭക്ഷണത്തില്‍ വിഷാംശം വര്‍ധിക്കാന്‍ കാരണം. കൃഷി ആദായകരമാക്കുന്നതിനും ഉത്പന്നങ്ങള്‍ പെട്ടെന്ന് നശിച്ചു പോകാതിരിക്കാനുമായി വിഷാംശം ധാരാളമടങ്ങിയ കീടനാശിനികള്‍ കൂടുതലായി കൃഷിക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണന്ന് പഠനങ്ങള്‍ പറയുന്നു. അമേരിക്ക പോലുള്ള പല രാജ്യങ്ങളും നിരോധിച്ച കീടനാശിനികള്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. കീടനാശിനികള്‍ തളിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിച്ചവരുടെ ഹോര്‍മോണ്‍ വ്യവസ്ഥയെ ബാധിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ആണ്‍വര്‍ഗം പെണ്‍വര്‍ഗത്തെ പോലെ ആയിത്തീരുന്നുവെന്നും എന്‍ഡോക്രൈന്‍ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ലൈംഗിക തകരാറുകള്‍ക്കും സ്തനാര്‍ബുദത്തിനും മറ്റ് വൈകല്യങ്ങള്‍ക്കും കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആല്‍മിന്‍ ക്ലോര്‍സെന്‍, മാലത്തിയോണ്‍ എന്നീ കീടനാശിനികളുടെ ഉപയോഗം അര്‍ബുദത്തിന് കാരണമാണ്.
പാരത്തിയോണ്‍ ഭ്രൂണത്തെ ബാധിക്കുന്നു. സെവിന്‍ ആസ്തമക്കും നൈട്രോഫേന്‍ വന്ധ്യതക്കും കാരണാകുന്നു. 1986ലെ അമേരിക്കയുടെ റിപോര്‍ട്ട് പ്രകാരം കീടനാശികളുടെ ഉപയോഗം ജനന വൈകല്യമുണ്ടാക്കുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട് അമേരിക്കയില്‍ കീടനാശികളുടെ ഉപയോഗം കുറഞ്ഞുവന്നുവെങ്കിലും ഇന്ത്യയില്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ കണ്ടെത്തിയത് കീടനാശിനി കാരണം 20,000 പേര്‍ മരിക്കുന്നുവെന്നാണ്. കീടനാശിനി തളിച്ച പഴം, പച്ചക്കറികളുടെ ഉപയോഗം പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്കു കയറ്റിയയച്ച കറിവേപ്പില അങ്ങനെ തന്നെ തിരിച്ചുവന്നത് അടുത്ത കാലത്താണെന്ന് നാം ഓര്‍ക്കണം. തിരിച്ചയച്ച കറിവേപ്പിലയുടെ സാംപിളുകള്‍ ഉടമ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് എല്ലാ വിഭാഗത്തിലുമുള്ള കീടനാശിനികള്‍. ഓര്‍ഗാനോ ക്ലോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ്, സിന്തറ്റിക് പൈറിത്രോയ്ഡ്‌സ്, ന്യൂ ജനറേഷന്‍ കീടനാശിനികള്‍ അങ്ങനെയെല്ലാം. പലതിന്റെയും അളവ് അപകടകരമായ തോതിലും.
അമിത അളവില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ കറിവേപ്പിലയുടെ ഇറക്കുമതിക്കു തന്നെ കഴിഞ്ഞ ആഗസ്റ്റില്‍ യു എ ഇ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യാന്‍സറുണ്ടാക്കുന്ന കീടനാശിനികളാണ് സഊദി ഭരണകൂടം കറിവേപ്പിലയില്‍ തിരിച്ചറിഞ്ഞത്.
കീടനാശിനിയുടെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍സഹിതമേ ഇറക്കുമതി പാടുള്ളൂവെന്നു കര്‍ശന നിര്‍ദേശവുമുണ്ടായി. പ്രതിദിനം 5000 കിലോ കറിവേപ്പിലയാണ് യു എ ഇയിലേക്കു മാത്രം ഇന്ത്യ കയറ്റി അയച്ചിരുന്നത്. ഇതില്‍ ഏറിയ പങ്കും തമിഴ്‌നാട്, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു.
1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും വളരെ കാലപ്പഴക്കം ചെന്നതും ദോഷകരവുമാണ്. അന്ന് നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികള്‍ ഡയമണ്ട് ആകൃതിയില്‍ നിറഭേദം കൊണ്ട് കടുത്ത വിഷം ചുവപ്പും വിഷ സൂചനയും, കൂടിയ വിഷം മഞ്ഞയും വിഷ സൂചനയും, മിതമായവിഷം നീലയും അപായ സൂചനയും, കുറഞ്ഞ വിഷം പച്ചയും സൂക്ഷിക്കുക സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വിപണിയിലെത്തിയ വീര്യം കൂടിയ പല വിദേശനിര്‍മിത വിഷങ്ങളും കടുത്ത വിഷമായ ചുവപ്പില്‍ വന്നുചേര്‍ന്നു. 35 വര്‍ഷം പഴക്കമുള്ള ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം നാളിതുവരെ ഭേദഗതി വരുത്താതെ നാടിനെ കുട്ടിച്ചോറാക്കിയെന്നതാണ് വാസ്തവം.
(അവസാനിച്ചു)