Connect with us

Kasargod

ദേശീയപാതയിലെ കുഴികള്‍ നികത്തിയില്ല: കുമ്പളയില്‍ ഗതാഗത മുടക്കം പതിവ്

Published

|

Last Updated

കുമ്പള: കുമ്പള ടൗണില്‍ ദേശീയപാത പൂര്‍ണമായും തകര്‍ന്നു. ദേശീയപാതയില്‍ പലയിടത്തും രൂപപ്പെട്ട കുഴികള്‍ നികത്താത്തത് കാരണം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്നത് പതിവായി. കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലാണ് ദേശീയപാതയില്‍ ഭീമന്‍ കുഴികള്‍ രൂപപ്പെട്ടത്.
റോഡിലെ കുഴി വെട്ടിക്കുന്നത് കാരണം വാഹനാപകടവും പതിവായിട്ടുണ്ട്. വലിയ വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ തട്ടി തകരാറിലാവുന്നത് കാരണം ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടാകുന്നു. കാസര്‍കോട്-മംഗലാപുരം ദേശീയപാതയില്‍ കെഎസ് ആര്‍ ടി സി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ഇതുകാരണം മഞ്ചേശ്വരം ഭാഗങ്ങളിലെ സ്‌കൂളുകളില്‍ കഴിഞ്ഞദിവസം പി എസ് സി പരീക്ഷ എഴുതാനെത്തിയ പലര്‍ക്കും കൃത്യസമയത്ത് എത്താനായില്ല.
റോഡില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ കുമ്പളയില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തോളം പൊലീസുകാരാണ് രാത്രിവരെ ഇവിടെ ഗതാഗതം നിയന്ത്രിച്ചത്.
ഷിറിയ പാലത്തിന് സമീപം ദേശീയപാതയിലുണ്ടായ കുഴി നാട്ടുകാര്‍ നികത്തി. അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ഒരു സംഘം നാട്ടുകാരാണ് ഇവിടെ റോഡിലെ കുഴി മണ്ണിട്ട് നികത്തിയത്.

Latest