Connect with us

Kerala

ഐ എസ് ഐ എസ്: കാന്തപുരത്തിന്റെ നിലപാട് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു

Published

|

Last Updated

കോഴിക്കോട്: ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കനെന്ന പേരില്‍ ഐ എസ് ഐ എസ് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചു കൊണ്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവന അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. അന്തര്‍ദേശീയ മാധ്യമങ്ങളും വിവിധ വാര്‍ത്താ എജന്‍സികളും വന്‍ പ്രാധാന്യത്തോടെയാണ് പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

ഐ എസ് ഐ എസ് പോലുള്ള മിലിറ്റന്റ് സ്വഭാവം പുലര്‍ത്തുന്ന സംഘടനകളെ ഏതെങ്കിലും വിധത്തില്‍ പിന്തുണക്കുന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം നിശിദ്ധമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയല്‍ വിശ്വാസികളുടെ ബാധ്യത ആണെന്നുമായിരുന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പേരില്‍ നടത്തിയ പ്രസ്താവനയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടത്.

ഐ എസ് ഐ എസ്സും അവര്‍ സ്വയം പ്രഖ്യാപിച്ച ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിനെയൊ മുസ്ലിംകളെയോ ഒരര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നും അവ ഇസ്ലാമിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് ഐ എസ്സിന്റെ പാശ്ചാത്യ വിരുദ്ധ നയനിലപാടുകള്‍ മുസ്ലിം ലോകത്ത് സ്വന്തം താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള കുറുക്കുവഴി മാത്രമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ഐ എസ് ഐ എസ്സിനെതിരെ പ്രമുഖ മുസ്ലിം പണ്ഡിതന്റെ ഫതവ എന്ന തലക്കെട്ടോടെയാണ് ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പി ടി ഐ നല്‍കിയ വാര്‍ത്ത ഇന്ത്യയിലെ വിവിധ പ്രാദേശിക പത്രങ്ങളും ചാനലുകളും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. വിവിധ അറബ് ഉര്‍ദു മാധ്യമങ്ങള്‍ ഒന്നാം പേജിലെ മുഖ്യ വാര്‍്ത്തയായി കാന്തപുരത്തിന്റെ നിലപാട് പ്രസിദ്ധീകരിച്ചു.

ഡല്‍ഹി ആസ്ഥാനമായ ഇതിഹാദ് പത്രത്തിന്റെ ഉര്‍ദു ഹിന്ദി എഡിഷനുകളുടെ ഒന്നാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രമുഖ പത്രമായ റോസ് നാമ ഇങ്കിലാബ് അതിന്റെ 17 എഡിഷനുകളിലും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ബാംഗ്ലൂര്‍ കേന്ദ്രമായ രാഷ്ട്രീയ സഹാറ, ശ്രീനഗറിലെ റോസ് നാമ രോഷ്‌നി, ലക്‌നോവിലെ ആവാദ് നാമ തുടങ്ങിയവയും വാന്‍ പ്രാധാന്യത്തോടെയാണ് വാര്ത്ത നല്കിയത്.

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ നിന്നും ഐ എസ് ഐ എസ്സിന് കിട്ടിയ നല്ല മരുന്ന് എന്ന ആമുഖത്തോടെയാണ് ഇന്ത്യ ടുഡേ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വിവിധ ഓണലൈന്‍ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളിലും കാന്തപുരത്തിന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെത് പോലുള്ള സൂഫി ധാരകള്‍ക്കെ തെറ്റിദ്ധാരണകളില്‍ നിന്ന് മുസ്ലിംഗളെ രക്ഷിക്കാന്‍ കഴിയൂ എന്ന് ചര്‍ച്ചകളില്‍ പലരും അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ ഇംഗ്ലീഷ് പത്രങ്ങളും വാര്‍ത്തക്ക് വന്‍ പ്രാധാന്യമാണ് നല്കിയത്. ഐ എസ് ഐ എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടുള്ള സഊദി രാജാവിന്റെയും ഗ്രാന്റ് മുഫ്തിയുടെയും മലേഷ്യന്‍ പ്രധാനമന്ത്രിയുടെയും പ്രസ്താവനകള്‍ക്കൊപ്പമാണ് വിദേശ മാധ്യമങ്ങള്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പ്രസ്താവനയും പ്രസിദ്ധീകരിച്ചത്.

മുസ്ലിം ലോകത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇസ്ലാമിക പണ്ഡിതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടായ്മ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്നും ഇപ്പോള്‍ ലണ്ടനിലുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ലണ്ടനിലെ വിവിധ നേതാക്കള്‍, പണ്ഡിതന്മാര്‍, ഇമാമുമാര്‍ തുടങ്ങിയവരുമായി കാന്തപുരവും സമസ്ത കേന്ദ്ര മുശാവറ അംഗം ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങളും ചര്‍ച്ചകള്‍ നടത്തും. ഐ എസ് ഐ എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബ്രിട്ടനിലെ ഇമാമുമാരുമായും സംഘം കൂടിക്കഴ്ച്ച്ച നടത്തും

---- facebook comment plugin here -----

Latest