സെനഗലിലും എബോള, ഗിനിയയില്‍ കലാപം

Posted on: August 31, 2014 12:18 am | Last updated: August 31, 2014 at 12:18 am

ebolaദാക്കര്‍: സെനഗലില്‍ ആദ്യ എബോള കേസ് റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പശ്ചിമാഫ്രിക്കയില്‍ എബോള രോഗം ബാധിച്ച അഞ്ചാമത്തെ രാജ്യമാണ് സെനഗല്‍. ഗിനിയയില്‍ നിന്നെത്തിയ ചെറുപ്പക്കാരനില്‍ രോഗബാധ കണ്ടെത്തിയതായി മന്ത്രി അവ മാരി കോള്‍ സെക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗിനിയയില്‍ പൊട്ടിപ്പുറപ്പെട്ട രോഗം പശ്ചിമാഫ്രിക്കയില്‍ ഇതുവരെ 1,500 ലധികം പേരുടെ ജീവനെടുത്തിട്ടുണ്ട്. 3,000ത്തോളം പേരെ രോഗം ബാധിച്ചിട്ടുണ്ട്. 20,000 ലധികം പേര്‍ക്ക് രോഗബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രോഗവ്യാപനം തടയാനായി സെനഗല്‍ അതിര്‍ത്തി അടച്ചിരുന്നെങ്കിലും ഫലപ്രദമായില്ല. എബോള രോഗബാധയേറ്റ ഗിനിയന്‍ വിദ്യാര്‍ഥി സെനഗലിലേക്ക് കടന്ന് തലസ്ഥാനത്ത് ചികിത്സ തേടിയതായി സെനഗല്‍ ആരോഗ്യ വകുപ്പ് മന്ത്രിയെ ഉദ്ധരിച്ച് ഗിനിയന്‍ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റിയതായി സെനഗല്‍ ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. തലസ്ഥാനമായ ദാക്കറിലെ താമസക്കാരെ ഈ വാര്‍ത്ത രോഷാകുലരാക്കിയിട്ടുണ്ട്. അതേസമയം ഗിനിയയിലെ രണ്ടാമത്തെ നഗരമായ നസ്രിക്കോറില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനായി മാര്‍ക്കറ്റില്‍ അണുനാശിനി ഉപയോഗിച്ചതിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നാണിത്. എന്നാല്‍ കലാപത്തിനുള്ള യഥാര്‍ഥ കാരണം അറിവായിട്ടില്ല. അണുനാശിനി എബോള രോഗം പരത്തുമെന്ന ഭീതിയാണെന്നും എബോള രോഗം കളവാണെന്നുമുള്ള വിശ്വാസമാണ് കലാപത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കലാപകാരികളെ പോലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചാണ് പ്രതിരോധിച്ചത്.