ചേളാരി വിഭാഗം നേതാവിനെതിരായ പരാതി: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Posted on: August 31, 2014 6:00 am | Last updated: August 31, 2014 at 12:09 am

abdussamad pookkotturകോഴിക്കോട്: ചേളാരി സമസ്ത യുവജന വിഭാഗം നേതാവ് സര്‍ക്കാറിനെ കബളിപ്പിച്ച് ശമ്പളം പറ്റുന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. പൂക്കോട്ടൂര്‍ എ യു പി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്‌കൂളില്‍ എത്താതെ ഹാജര്‍ പട്ടികയില്‍ ഒപ്പുവെച്ച് ശമ്പളം പറ്റുന്നതായാണ് പരാതി. ഇതു സംബന്ധിച്ച് അബ്ദുസ്സമദ്, സ്‌കൂള്‍ മാനേജര്‍ അബൂബക്കര്‍ ഹാജി എന്നിവരില്‍ നിന്ന് വിജിലന്‍സ് തെളിവെടുത്തു. മാനേജര്‍ പരാതിയില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ തെളിവ് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടു. സ്‌കൂളില്‍ എത്താതെ സര്‍ക്കാറിനെതിരെ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിന്റെ പത്ര കട്ടിംഗ്, സ്‌കൂളില്‍ ഹാജരാകാതെ പട്ടികയില്‍ ഒപ്പുവെച്ചതിന്റെ തെളിവുകള്‍, പട്ടികയില്‍ തിരുത്തല്‍ വരുത്തിയത്, ഒപ്പിടാതെ കോളം ഒഴിച്ചിട്ടത് എന്നിവ സംബന്ധിച്ച് അടുത്ത ദിവസം തന്നെ തെളിവ് നല്‍കുമെന്ന് മാനേജര്‍ പറഞ്ഞു.

സംഘടനാ പരിപാടിയില്‍ പങ്കെടുത്ത ദിവസവും വിദേശ യാത്രയിലുള്ള ദിവസവും രജിസ്റ്ററില്‍ ഒപ്പുവെച്ച് ശമ്പളം പറ്റുന്നതായാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതി വ്യാജമാണെന്നാണ് അബ്ദുസ്സമദ് മൊഴി നല്‍കിയത്. പണം നല്‍കാതെ സ്‌കൂളില്‍ നിയമനം ലഭിച്ചതിനാല്‍ വ്യാജ പരാതി നല്‍കി തന്നെ പുറത്താക്കി മറ്റൊരാളെ പണം വാങ്ങി നിയമിക്കാനാണ് ശ്രമം നടത്തുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. മൂന്ന് മാസം സ്‌കൂളില്‍ ജോലി ചെയ്ത ഒരാള്‍ക്ക് പിന്നീട് സ്ഥിരം നിയമനത്തില്‍ ഒഴിവ് വരുമ്പോള്‍ അവസരം നല്‍കണമെന്ന കെ ഇ ആര്‍ ചട്ടത്തിലെ 51 എ പ്രകാരമാണ് പൂക്കോട്ടൂര്‍ എ യു പി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ അബ്ദുസ്സമദിനെ പുറത്താക്കിയാലും 51 എ പ്രകാരം സ്ഥിരം നിയമനം നല്‍കേണ്ട മറ്റൊരാള്‍ ജോലിയില്ലാതെ പുറത്തിരിക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹം ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായി പറയുന്ന വാദങ്ങളെല്ലാം കള്ളമാണെന്നും പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണിപ്പെടുത്താനും പ്രയാസപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും മാനേജര്‍ അബൂബക്കര്‍ ഹാജി സിറാജിനോട് പറഞ്ഞു.
2012 സെപ്തംബറില്‍ ഇതേ കാരണത്താല്‍ ഇദ്ദേഹത്തെ സ്‌കൂളില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. എന്നാല്‍ പി ടി എ ഭാരവാഹികളുടേയും മറ്റും ഇടപെടലിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ തിരിച്ചെടുക്കുകയായിരുന്നെന്നും മാനേജര്‍ പറഞ്ഞു.