മന്ത്രി നജ്മയുടെ ‘ഹിന്ദു’ പരാമര്‍ശം വിവാദമായി; ഒടുവില്‍ ന്യായീകരണം

Posted on: August 30, 2014 7:22 am | Last updated: August 30, 2014 at 7:22 am

NAJMA HIBATHULLAന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെയുള്ള പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തിരുത്തുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുല്ല രംഗത്തെത്തി. ഇന്നലെ രാവിലെ ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന ആര്‍ എസ് എസ് വാദത്തിന്റെ ചുവടു പിടിച്ച് അവര്‍ പ്രസ്താവന നടത്തിയത്. മുസ്‌ലിംകളെ ചിലയാളുകള്‍ ഹിന്ദിയെന്നോ ഹിന്ദുവെന്നോ വിളിക്കുന്നത് അവര്‍ വൈകാരികമായി കാണേണ്ടതില്ലെന്നും അത് അവരുടെ വിശ്വാസത്തെ ബാധിക്കുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. അത് ശരിയോ തെറ്റോ എന്നുള്ളതല്ല, അത് ചരിത്രമാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അവര്‍ മണിക്കൂറുകള്‍ക്കകം വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. അഭിമുഖം നടത്തിയ ആള്‍ക്ക് താന്‍ പറഞ്ഞതെന്താണെന്ന് മനസ്സിലായില്ലെന്ന് അവര്‍ പറഞ്ഞു. അല്ലെങ്കില്‍ അയാള്‍ക്ക് മറന്നതാകുമെന്നും അവര്‍ പറഞ്ഞു.
‘ഹിന്ദു എന്നല്ല ഹിന്ദി എന്നാണ് ഞാന്‍ പറഞ്ഞത്. ഹിന്ദി ഒരു അറബി വാക്കാണ്. ഇന്ത്യയില്‍ നിന്നും അറബി രാജ്യങ്ങളിലെത്തുന്നവരെ അവര്‍ അങ്ങനെയാണ് വിളിക്കുന്നത്. ഇന്ത്യക്കാര്‍ ഇറാനിലെത്തിയാല്‍ അവരെ ഹിന്ദുസ്ഥാനി എന്നാണ് വിളിക്കുന്നത്. അത് നമ്മളുടെ വ്യക്തിത്വമാണ്’. അവര്‍ ന്യായീകരിച്ചു. മോദി മന്ത്രിസഭയിലെ ഏകമുസ്‌ലിം മന്ത്രിയായ നജ്മയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തങ്ങള്‍ നജ്മയെ ബഹുമാനിക്കുന്നുണ്ടെങ്കിലും അവര്‍ ഭരണ ഘടന വായിച്ചു നോക്കണമെന്ന് പാര്‍ട്ടി നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഭരണഘടനയിലെ ഭാരതീയ പരാമര്‍ശം കൊണ്ടുദ്ദേശിക്കുന്നത് രാജ്യത്തെ എല്ലാ പൗരന്മാരും ഭാരതീയരാണെന്നാണ് അദ്ദേഹം പറഞ്ഞു.