വി ഐ പികള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ്

Posted on: August 29, 2014 9:02 pm | Last updated: August 29, 2014 at 9:47 pm

അജ്മാന്‍: വിഐപികള്‍ക്ക് പ്രത്യേക കാര്‍ പാര്‍ക്കിങ് നിലവില്‍ വന്നു. നഗരകേന്ദ്രങ്ങളിലാണിത്. വി ഐ പി പാര്‍ക്കിങ്ങിന് 6,000 ദിര്‍ഹമാണു നഗരസഭ നിരക്കു നിശ്ചയിച്ചത്. 6,000 ദിര്‍ഹം അടയ്ക്കുന്നവര്‍ക്കു രണ്ടു പാര്‍ക്കിംഗ് കാര്‍ഡുകള്‍ നല്‍കും. ഒരാളുടെ പേരിലുള്ള രണ്ടു വാഹനങ്ങള്‍ക്ക് ഈ കാര്‍ഡ് പ്രയോജനപ്പെടുത്താനാകും. ഒരു വര്‍ഷം കാലാവധിയുള്ളതായിരിക്കും കാര്‍ഡുകള്‍.
നിശ്ചിത കാര്‍ഡുകളില്ലാതെ വിഐപി പാര്‍ക്കിംഗ് കയ്യേറുന്നവര്‍ക്ക് ആയിരം ദിര്‍ഹമാണു പിഴ ചുമത്തുക. വിഐപി പാര്‍ക്കിംഗുകള്‍ക്കു പുറമേ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി 20 മേഖലകളില്‍ പാര്‍ക്കിംഗുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്ന കാര്‍ഡുകള്‍ കൈമാറാന്‍ അപേക്ഷിക്കാം.
നഗരസഭയുടെ ഹമീദിയ്യ കേന്ദ്രത്തിലാണ് അപേക്ഷകള്‍ സ്വീകരിക്കുക. വൈകാതെ എല്ലാ നഗരസഭാ കേന്ദ്രങ്ങളിലും അപേക്ഷകള്‍ സ്വീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നു സപ്പോര്‍ട്ടിങ് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മുഹമ്മദ് അറിയിച്ചു.