Connect with us

Malappuram

സ്ഥാപനങ്ങള്‍ പിടിച്ചടക്കാനുള്ള ശ്രമം അനുവദിക്കില്ല: വടശ്ശേരി

Published

|

Last Updated

മലപ്പുറം: വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പിടിച്ചടക്കാനുള്ള ശ്രമം ഇനിയും അനുവദിക്കില്ലെന്ന് സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന ജാഗ്രതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുകയും മദ്രസയും പള്ളിയും തകര്‍ക്കുകയും ചെയ്യുന്ന പിളര്‍പ്പന്‍മാരുടെ ലക്ഷ്യം സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുക എന്നത് മാത്രമാണ്. നാട്ടുകാരുടെ മുഴുവന്‍ സഹായത്തോടെ നിര്‍മിച്ച സ്ഥാപനങ്ങള്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ കൈവശപ്പെടുത്തുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അരീക്കോട് മുനീറുല്‍ ഇസ്‌ലാം സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസ ഇത്തരത്തില്‍ കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കുകയുണ്ടായി. പള്ളിക്കല്‍ ബസാറില്‍ സുന്നി പ്രവര്‍ത്തകനായ കുഞ്ഞി മുഹമ്മദ് എന്നയാള്‍ക്കെതിരെ കേസില്ലാതിരുന്നിട്ട് പോലും അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനെല്ലാം പോലീസും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണുള്ളത്. തച്ചണ്ണയില്‍ മഹല്ല് സെക്രട്ടറിയുടെ വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് മാത്രമല്ല, മധ്യസ്ഥത വഹിച്ച എം പി മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി പോലീസ് പിളര്‍പ്പന്‍മാര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നത് അവസാനിപ്പിച്ച് നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.