പോലീസ് രാഷ്ട്രീയ പാര്‍ട്ടികളുടെ കുഴലൂത്തുകാരാകരുത്: കെ എം എ റഹീം

Posted on: August 29, 2014 10:31 am | Last updated: August 29, 2014 at 10:31 am

മലപ്പുറം: രാഷ്ട്രീയപാര്‍ട്ടികളുടെ കുഴലൂത്തുകാരായി പോലീസ് തരം താഴരുതെന്ന് എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം.
നാടുനീളെ അക്രമവും കൊലപാതകവുമായി മുന്നോട്ട് പോകുന്ന വിഘടിതര്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടായിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത എസ് പി ഓഫീസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകളുടെ ഭരണം പോലീസ് ഏറ്റെടുക്കേണ്ട കാര്യമില്ല. അത് മഹല്ല് കമ്മിറ്റികള്‍ തന്നെ നിര്‍വഹിക്കും. മഹല്ലുകളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുകയാണ്.
വറ്റലൂരിലും തച്ചണ്ണയിലും പെരുവള്ളൂരിലുമെല്ലാം പോലീസ് ഏകപക്ഷീയ നിലപാടുകളാണ് സ്വീകരിക്കുന്നത്. നിയമം പോലീസുകാര്‍ക്കും ബാധകമാണ്. അക്രമികള്‍ക്ക് സഹായം ചെയ്യുന്ന പോലീസ് നിലപാട് ആശ്വാസകരമല്ല. കേസുകളില്‍ മാന്യമായ രീതിയില്‍ ഇടപെടുകയും നടപടികള്‍ സ്വീകരിക്കുകയുമാണ് പോലീസ് ചെയ്യേണ്ടത്. സുന്നികള്‍ എവിടെയും അക്രമത്തിനോ കൊലപാതകത്തിനോ തയ്യാറായിട്ടില്ല. ഇക്കാര്യം പോലീസിന് അന്വേഷിച്ചാല്‍ ബോധ്യമാകുന്ന കാര്യമാണ്. സുന്നി പ്രവര്‍ത്തകരുടെ നിശബ്ദത ദൗര്‍ബല്യമായി കാണരുതെന്നും നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.