മോദിയെ പ്രശംസിച്ച മാര്‍ ക്ലിമ്മിസ് കത്തോലിക്കാ ബാവക്ക് പിണറായിയുടെ വിമര്‍ശം

Posted on: August 29, 2014 9:22 am | Last updated: August 29, 2014 at 11:46 pm

pinarayiതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ച കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും സി ബി സി ഐ അദ്ധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനം. വെള്ളിയാഴ്ച്ചത്തെ ദേശാഭിമാനി പത്രത്തിലെഴുതിയെ ‘ഒരു കൂടിക്കാഴ്ച്ചയെ പറ്റി’ എന്ന ലേഖനത്തിലാണ് പിണറായി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

വര്‍ഗീയതയില്‍ അടിത്തറയുള്ള വിദ്വേഷാത്മകമായ ഒരു ഭരണം നരേന്ദ്രമോഡി കെട്ടിപ്പടുക്കുകയും അതിനെതിരായി മതനിരപേക്ഷശക്തികളാകെ കൂട്ടായ ചെറുത്തുനില്‍പ്പിനുള്ള സാധ്യത തേടുകയുംചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ബാവ നടത്തിയ പ്രസ്താവന മോഡിക്ക് സ്വീകാര്യത കൂട്ടാനും മതനിരപേക്ഷശ്രമങ്ങളെ ക്ഷീണിപ്പിക്കാനുമേ സഹായകമാവു എന്ന് ലേഖനത്തില്‍ പറയുന്നു.

മോദിയെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് പറഞ്ഞ ബാവക്ക് മറുപടിയായി മോദിയുടെ സംഘപരിവാര്‍ ചെയ്തികള്‍ അക്കമിട്ട് ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍ എസ് എസ് തലവന്റെ പ്രസ്താവനയെ തള്ളിപ്പറയാത്തത്, പാഠപുസ്തകങ്ങളിലേയും ചരിത്ര കൗണ്‍സിലിലേയും ഹിന്ദുത്വവല്‍കരണം, മുസഫര്‍ നഗര്‍ കലാപത്തില്‍ അമിത് ഷാ അടക്കമുള്ള ബി ജെ പി നേതാക്കളുടെ പങ്ക്, അമിതാ ഷാക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാതെ തഴഞ്ഞത്, യു പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ കലാപങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

 

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്