Connect with us

International

റഷ്യന്‍ സൈനികര്‍ അതിര്‍ത്തി കടന്നു: ഉക്രൈന്‍

Published

|

Last Updated

കീവ്: വിമതരെ പിന്തുണക്കുന്നതിനായി രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയിലേക്ക് റഷ്യന്‍ സൈനികര്‍ കടന്നുകയറിയതായി ഉക്രൈന്‍. അതിര്‍ത്തി നഗരമായ നൊവോസോവ്‌സ്‌കും മറ്റ് തെക്കു കിഴക്കന്‍ ഭാഗങ്ങളും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും ഇവര്‍ വിമതരോട് ചേര്‍ന്ന് ആക്രമണം നടത്തുകയാണെന്നും ഉക്രൈന്‍ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ അറിയിച്ചു. റഷ്യ കടന്നുകയറിയതായി പ്രസ്താവനയിലൂടെ അറിയിച്ച പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ, തുര്‍ക്കി യാത്ര റദ്ദാക്കി. അതേസമയം, വിമതര്‍ക്ക് ആയുധം നല്‍കിയോ അതിര്‍ത്തി ഭേദിച്ചോ ഉക്രൈനില്‍ ഇടപെടുന്നില്ലെന്ന് റഷ്യ അറിയിച്ചു. നൊവോസോവ്‌സ്‌കില്‍ റഷ്യന്‍ ടാങ്കുകള്‍ ഉണ്ടെന്ന വാര്‍ത്ത റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
ഇരു രാഷ്ട്രങ്ങളിലെയും പ്രസിഡന്റുമാര്‍ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തി സമാധാന നടപടിക്ക് ആരംഭം കുറിക്കുമെന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ഈ സംഭവമുണ്ടായത്. റഷ്യയുടെ സ്വത്ത് മരവിപ്പിക്കാനും സായുധ സേനയെയും ആയുധങ്ങളും ഏജന്റുമാരെയും പിന്‍വലിക്കുന്നത് വരെ റഷ്യയുമായുള്ള സാമ്പത്തിക ബന്ധം റദ്ദാക്കാനും അമേരിക്കയോടും ഇ യുവിനോടും ജി7 രാഷ്ട്രങ്ങളോടും ഉക്രൈന്‍ പ്രധാനമന്ത്രി ആഴ്‌സെനി യാത്‌സിന്‍യൂക് അഭ്യര്‍ഥിച്ചു. ഇത് സഹിക്കാനാവാത്തതും അസ്വീകാര്യവുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെ പറഞ്ഞു. വിമതരുടെ ശക്തികേന്ദ്രങ്ങളായ ഡൊണേറ്റ്‌സ്‌കും ലുഹാന്‍സ്‌കും വളഞ്ഞ് ഉക്രൈന്‍ സൈന്യം ഈയാഴ്ച മുന്നേറ്റം നടത്തിയിരുന്നു. അതേസമയം, നൊവോസോവ്‌സ്‌കില്‍ അടിപതറുന്നത് ഉക്രൈനിന് തിരിച്ചടിയാണ്. നേരത്തെ വലിയ തുറമുഖ നഗരമായ മരിയോപോള്‍ വിമതര്‍ പിടിച്ചെടുത്തിരുന്നു. 3000 റഷ്യന്‍ സന്നദ്ധ പോരാളികള്‍ വിമത ചേരിയിലുണ്ടെന്നാണ് ഉക്രൈന്‍ പറയുന്നത്. 11 റഷ്യന്‍ സൈനികരെ പിടികൂടിയെന്ന് ഉക്രൈന്‍ അവകാശപ്പെട്ടിട്ടുണ്ട്.

Latest