സമസ്ത പണ്ഡിത സംഗമം സെപ്തംബര്‍ 13ന്

Posted on: August 28, 2014 12:52 am | Last updated: August 28, 2014 at 12:52 am

കോഴിക്കോട് : എസ് വൈ എസ് 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി അടുത്ത മാസം 13ന് മുല്‍തഖല്‍ ഉലമ പണ്ഡിത സംഗമം സംഘടിപ്പിക്കുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലം സമൂഹത്തിന്റെ നാനോന്മുഖ മേഖലകളില്‍ വൈവിധ്യവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളുമായി നിറസാന്നിധ്യമായ എസ് വൈ എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ലക്ഷ്യം വെക്കുന്ന സര്‍വതല സ്പര്‍ശിയായ ദഅ്‌വത്തിന്റെ പ്രഥമഘട്ട ചുവടുവെപ്പാണ് മുല്‍തഖല്‍ ഉലമയിലൂടെ ലക്ഷ്യമാക്കുന്നത്.
ആധുനിക സമൂഹത്തില്‍ അള്ളിപ്പിടിച്ച ധര്‍മച്യൂതികളെയും സംസ്‌കാരശൂന്യതയെയും ഇല്ലായ്മ ചെയ്ത് സംസ്‌കാര സമ്പന്നമായ പുതു തലമുറയെ സൃഷ്ടിക്കുന്നതിന് രൂപപ്പെടുത്തിയ ദഅ്‌വത്തിന്റെ പുതിയ സംസ്‌കാരം സംഗമത്തില്‍ സമര്‍പ്പിക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയരെ വിപ്ലവാത്മകമായി സംസ്‌കരിച്ചതിന്റെ ചാലകശക്തിയായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമായുടെ ചരിത്ര പഠനവും ആദര്‍ശ സംവാദവും മുല്‍തഖല്‍ ഉലമായുടെ സെഷനുകളെ സജീവമാക്കും.
ശനിയാഴ്ച കാലത്ത് പത്ത് മണിമുതല്‍ കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ജില്ലാ മുശാവറ അംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.
രജിസ്‌ട്രേഷന്‍ നടപടികള്‍ക്കാവശ്യമായ ഫോറങ്ങള്‍ ജില്ലാ മുശാവറ സെക്രട്ടറിമാര്‍ക്ക് അയച്ചിട്ടുണ്ട്. ജില്ലാ മുശാവറ അംഗങ്ങള്‍ അവരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സമസ്ത സെന്ററില്‍ നിന്നും അറിയിച്ചു.
ഇതുസംബന്ധമായി ചേര്‍ന്ന സ്റ്റേറ്റ് ഇ സി യോഗത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ത്വാഹ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, പ്രൊഫ. കെ എം എ റഹീം, അബ്ദുല്‍ കലാം മാവൂര്‍, മജീദ് അരിയല്ലൂര്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ സംബന്ധിച്ചു.