ദിവ ജീവനക്കാര്‍ക്ക് ആംഗ്യ ഭാഷാ പരിശീലനം നല്‍കുന്നു

Posted on: August 27, 2014 9:42 pm | Last updated: August 27, 2014 at 9:42 pm

dewa

ദുബൈ: ദിവ(ദുബൈ ഇലട്രിക്‌സിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) ജീവനക്കാര്‍ക്ക് ആംഗ്യ ഭാഷാ പരിശീലനം നല്‍കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുമായും ഇടപഴകാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണിത്. പ്രത്യേക പരിചരണം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി(സി ഡി എ)യുമായി സഹകരിച്ചാണ് പരിശീലന പരിപാടി നടപ്പാക്കുന്നത്. ഒരു കൂട്ടം ദിവ ജീവനക്കാര്‍ ബധിരരും മൂകരുമായവര്‍ക്കായുള്ള ആംഗ്യ ഭാഷയില്‍ പരിശീലനം പൂര്‍ത്തീകരിച്ചതായി ദിവ അധികൃതര്‍ വ്യക്തമാക്കി.
ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സേവനം കുറ്റമറ്റതാക്കാനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടി ദിവ സ്വീകരിച്ചിരിക്കുന്നത്.
ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൈ കമ്മ്യൂണിറ്റി- എ സിറ്റി ഫോര്‍ എവരിവണ്‍ എന്ന പരിപാടിയും ദിവക്ക് ഇക്കാര്യത്തില്‍ പ്രചോദനമായിട്ടുണ്ട്.