സമസ്ത എസ് പി ഓഫീസ് മാര്‍ച്ച് നാളെ ജാഗ്രതാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി

Posted on: August 27, 2014 12:03 pm | Last updated: August 27, 2014 at 12:03 pm

samasthaഅരീക്കോട്: നീതി നിഷേധത്തിനെതിരെ നാളെ നടക്കുന്ന സമസ്ത എസ്പി ഓഫീസ് മാര്‍ച്ചിന്റെ മുന്നോടിയായി ജില്ലയിലെ 20 സോണ്‍ കേന്ദ്രങ്ങളിലും ജാഗ്രതാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി.
സോണ്‍ കണ്‍വെന്‍ഷനുകളില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കൊളത്തൂര്‍ അലവി സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, ജമാല്‍ കരുളായി, കുഞ്ഞു കുണ്ടിലങ്ങാടി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രസംഗിച്ചു.
വ്യാജരേഖ ചമച്ചും അക്രമം നടത്തിയും കള്ളക്കേസുകളുണ്ടാക്കിയും സുന്നി പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പോലീസ് കൂട്ടു നില്‍ക്കുന്നതില്‍ ജാഗ്രതാ കണ്‍വെന്‍ഷനുകളില്‍ ശക്തമായ പ്രതിപ്രതിഷേധമുയര്‍ന്നു. മാര്‍ച്ചില്‍ അണിനിരക്കുന്ന പ്രവര്‍ത്തകര്‍ക്ക് സൗകര്യം ചെയ്യുന്നതിനായി 20 സോണുകളിലും ഒരുക്കങ്ങള്‍ നടന്നു വരുന്നു. യൂനിറ്റ് തല ജാഗ്രതാ കണ്‍വെന്‍ഷനുകളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി സോണ്‍ സെക്രട്ടറിമാര്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും സജീവമാണ്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് വൈ എസ്, എസ് എം എ, എസ് എസ് എഫ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടക്കുന്ന യൂനിറ്റ് തല പര്യടനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സുന്നികള്‍ക്കെതിരെ നടന്നു വരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുന്നതിനായുള്ള ശക്തമായ ജനമുന്നേറ്റത്തിന് നാളെ മലപ്പുറം സാക്ഷിയാകുമെന്ന് സുന്നി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു. അരീക്കോട് തച്ചണ്ണ മഹല്ല് സെക്രട്ടറിയുടെ വീടാക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ ആയിരത്തഞ്ഞൂറോളം യൂനിറ്റുകളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രവര്‍ത്തര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം കോട്ടപ്പടി ചെത്തുപാലത്തിങ്ങല്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ എസ് പി ഓഫീസിലേക്ക് നീങ്ങുക.