മലപ്പുറത്ത് മത്സര പരീക്ഷാ പരിശീലന കേന്ദ്രം തുടങ്ങും

Posted on: August 27, 2014 1:09 am | Last updated: August 27, 2014 at 1:09 am

മലപ്പുറം: നഗരസഭയിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക നഗരസഭ ലൈബ്രറിയില്‍ മുസ്‌ലിം യുവജനതക്കായി മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന കേന്ദ്രം ആരംഭിക്കാന്‍ മലപ്പുറം നഗരസഭാ കൗണ്‍സില്‍ തീരുമാനം.
മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകളെ നേരിടുന്നിതനായുള്ള നിര്‍ദേശങ്ങള്‍ക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും സഹായകമാകും. പ്രതിപക്ഷം ബഹളം വെച്ചെങ്കിലും ദീര്‍ഘ നേരത്തെ ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തയ്യാറാവുകയായിരുന്നു.
നേരത്തെ നഗരസഭ ചെയര്‍മാന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് നഗരസഭക്ക് പരിശീലനം അനുവദിച്ചിരുന്നത്. പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിച്ചിരുന്നു.
വാര്‍ഡ് തലത്തില്‍ ജനങ്ങളുടെ ഒത്തുചേരലിനും ആസൂത്രണ ചര്‍ച്ചകള്‍ക്കുമായി ഓരോ വാര്‍ഡിലും സേവാഗ്രാമം എന്ന പേരില്‍ ഗ്രാമകേന്ദ്രം സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. വാര്‍ഡുസഭകളുടെ ആസ്ഥാനമായും ഭരണ-വികസന ക്ഷേമ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതിനും വികസന സമതിയെ സഹായിക്കുന്നതിനും വേണ്ടിയുള്ള ഭരണ-സേവന കേന്ദ്രമായി ഗ്രാമകേന്ദ്രം പ്രവര്‍ത്തിക്കും.
സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഗ്രാമകേന്ദ്രത്തിന്റെ നടത്തിപ്പിനായി പ്രതിവര്‍ഷം 50,000 രൂപയും ലഭിക്കും. നഗരസഭക്ക് കീഴില്‍ മൈലപ്പുറത്തും മുണ്ടുപറമ്പിലും ഇത്തരത്തില്‍ രണ്ടു കേന്ദ്രങ്ങള്‍ തുറന്നിരുന്നു. വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസായി ഉപയോഗിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലും ഓഫീസിന് പ്രവര്‍ത്തിക്കാം.
ആവശ്യക്കാര്‍ക്ക് ട്രെയിന്‍-വിമാന ടിക്കറ്റുകള്‍ തരപ്പെടുത്തുന്നതിനും മറ്റു സഹായ കേന്ദ്രമായും ഓഫീസ് പ്രവര്‍ത്തിക്കും. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും ഗ്രാമകേന്ദ്രങ്ങള്‍ നിര്‍ബന്ധമായി തുടങ്ങണമെന്ന് നഗരസഭ ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വൈകുന്നേരം മൂന്നു മണി മുതല്‍ ഏഴ് മണിവരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
നഗരസഭയുടെ സ്വന്തം കെട്ടിടത്തിലോ വാടകകെട്ടിടത്തിലോ ഓഫീസ് പ്രവര്‍ത്തിപ്പിക്കാം. വാര്‍ഡ് കൗണ്‍സിലറെ സഹായിക്കുന്നതിനായി നഗരസഭയിലെയോ അനുബന്ധ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെയോ കൗണ്‍സില്‍ നിശ്ചയിക്കേണ്ടതാണെന്നും ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.
അതേസമയം റേഷന്‍കാര്‍ഡ് പുതുക്കുമ്പോള്‍ അര്‍ഹരായവരെ ബി പി എല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തണെന്നും അര്‍ഹതയുണ്ടായിട്ടും പലരും ബി പി എല്‍ ലിസ്റ്റില്‍ നിന്ന് പുറത്താണെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി. നഗരസഭ പരിധിയിലെ പാചക വാതക സിലിന്‍ഡര്‍ വിതരണം കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.
ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.