ദേശീയ ഗെയിംസ്:സുവര്‍ണ താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ

Posted on: August 27, 2014 1:04 am | Last updated: August 27, 2014 at 1:04 am

തിരുവനന്തപുരം: സംസ്ഥാനം ആതിഥ്യമരുളുന്ന 35-ാം ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചു. സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡായി നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടീം ഇനങ്ങളിലെ വിജയികള്‍ക്ക് സ്‌പെഷ്യല്‍ ക്യാഷ് അവാര്‍ഡ് പദ്ധതി പ്രകാരം തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു.

33 ഇനങ്ങളിലായി 365 സ്വര്‍ണവും 365 വെള്ളിയും 477 വെങ്കലവുമാണ് ദേശീയ ഗെയിംസിലെ മെഡലുകള്‍. ഇതില്‍ എഴുപത് സ്വര്‍ണമെങ്കിലും സ്വന്തമാക്കനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
1987 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ സംസ്ഥാനം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു. ആ നേട്ടം ആവര്‍ത്തനം ലക്ഷ്യമിട്ടാണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്.
ഗെയിംസില്‍ കേരളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുക്കുന്നതിനുള്ള കര്‍മ പദ്ധതിക്ക് കായികവകുപ്പും കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലും രൂപം നല്‍കി.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടീമുകളുടെ പരിശീലന ക്യാമ്പുകളുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമായി കായികവകുപ്പ്മന്ത്രി ചെയര്‍മാനായി സ്റ്റിയറിംഗ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
എല്ലാ ഇനങ്ങളിലും കേരളത്തിന്റെ പ്രാതിനിധ്യം ഈ കമ്മിറ്റി ഉറപ്പുവരുത്തും. ഒരോ ഇനത്തിനും മൂന്നു ഘട്ടങ്ങളിലായി 90 ദിവസത്തെ പരിശീലന ക്യാമ്പ് നടത്തും.— മൂന്നാംഘട്ടത്തിലാകും അന്തിമ ടീമിനെ തിരഞ്ഞെടുക്കുക. ഒക്‌ടോബറില്‍ ടീം തെരഞ്ഞെടുപ്പ് നടക്കും. ദേശീയ ഗെയിംസില്‍ പങ്കെടുക്കേണ്ട ഓരോ കേരള ടീമിന്റേയും പരിശീലനം നിരീക്ഷിക്കുന്നതിനായി പ്രമുഖ കായിക താരങ്ങളും കായികഭരണരംഗത്തെ പ്രമുഖരും കോര്‍ഡിനേറ്റര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.
ബന്ധപ്പെട്ട അസോസിയേഷനുകളുടെ സെക്രട്ടറി, പുരുഷ-വനിതാ പരിശീലകര്‍, പരിശീലനം നടക്കുന്ന ജില്ലയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നിവര്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കും.
സംസ്ഥാന ടീമുകളെ തെരഞ്ഞെടുക്കുന്നതിന് ബന്ധപ്പെട്ട അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, രണ്ട് പ്രഗത്ഭ കായിക താരങ്ങള്‍, കൗണ്‍സില്‍ ഒബ്‌സര്‍വര്‍ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റികളും രൂപകരിച്ചിട്ടുണ്ട്.
ആദ്യഘട്ട ക്യാമ്പില്‍ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുംപ്രതിദിനം 300 രൂപ ബത്തയും താമസസൗകര്യത്തിനായി 300 രൂപയും അനുവദിക്കും. രണ്ടാംഘട്ട ക്യാമ്പില്‍ ഇത് യഥാക്രമം 400 രൂപയും 300 രൂപയും മൂന്നാംഘട്ട ക്യാമ്പില്‍ഇത് 500 രൂപയും 300 രൂപയും ആയിരിക്കും.
അന്തിമ ടീമിലുള്‍പ്പെടുന്നവര്‍ക്കും ഒഫീഷ്യല്‍സിനും 10,000 രൂപയുടെ സെറിമോണിയല്‍ ഡ്രസ്, പ്ലേയിഗ് കിറ്റ് എന്നിവയും പോക്കറ്റ് മണിയായി 2000 രൂപയും നല്‍കും. കര്‍മ പദ്ധതികള്‍ക്കായി ആകെ 11,75,63,000 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
അന്യ സംസ്ഥാനങ്ങളിലും സര്‍വീസസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മലയാളികളെ കേരള ടീമില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക്മുഖ്യമന്ത്രി കത്തു നല്‍കി.