മദ്യ നിരോധം: ബോധവത്കരണത്തിനും പുനരധിവാസത്തിനും പ്രത്യേക സംവിധാനം

Posted on: August 27, 2014 12:48 am | Last updated: August 27, 2014 at 12:48 am

തിരുവനന്തപുരം: ബാറുകള്‍ അടച്ചു പൂട്ടുന്ന സാഹചര്യത്തില്‍ പുനരധിവാസം, ബോധവത്കരണം എന്നിവക്ക് മാത്രമായി എക്‌സൈസ് വകുപ്പിന് കീഴില്‍ പ്രത്യേക സംവിധാനമുണ്ടാക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബു വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തില്‍ തീരുമാനം. ബാറുകള്‍ പൂട്ടുന്ന സാഹചര്യത്തില്‍ വ്യാജ മദ്യത്തിന്റെ ഒഴുക്കിന് സാധ്യതയുണ്ടെന്നും ഇത് തടയാന്‍ എക്‌സൈസിന്റെ അംഗബലം വര്‍ധിപ്പിക്കണമെന്നും വകുപ്പ് ആവശ്യപ്പെടും. പുതുതായി അനുവദിച്ച 12 താലൂക്കുകളില്‍ പുതിയ എക്‌സൈസ് സര്‍ക്കിളുകള്‍ അനുവദിക്കണമെന്നും എക്‌സൈസ് റേഞ്ചുകള്‍ പുനഃസംഘടിപ്പിക്കണമെന്നുമാണ് ആവശ്യം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. ബാറുകള്‍ പൂട്ടുന്നതോടെ സ്പിരിറ്റ് ഒഴുക്കും വ്യാജമദ്യവും വ്യാപിക്കാന്‍ ഇടയുണ്ടെന്ന്ഉന്നതതലയോഗം വിലയിരുത്തി.
ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരുടെ പുനരധിവാസം, മദ്യത്തിനെതിരായ ബോധവത്കരണം, ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് എക്‌സൈസ് കമ്മീഷനറുടെ നേതൃത്വത്തില്‍ പ്രത്യേക ഭരണസംവിധാനമുണ്ടാക്കുന്നത്. നിലവിലെ എക്‌സൈസ് സംവിധാനം പുതിയ മദ്യ നയം നടപ്പാക്കാന്‍ പര്യാപ്തമല്ല. പുതുതായി രൂപവത്കരിച്ച 12 പുതിയ താലൂക്കുകളില്‍ സി ഐ ഓഫിസുകള്‍ അനുവദിക്കണം. എക്‌സൈസ് റേഞ്ചുകള്‍ പുനസംഘടിപ്പിക്കണം. പുതുതായി 35 റേഞ്ചുകള്‍ അനുവദിക്കണമെന്നാണ് വകുപ്പിന്റെ ആവശ്യം. ചെക്ക്‌പോസ്റ്റുകളിലൂടെയുള്ള മദ്യക്കടത്ത് തടയുന്നതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണം. പരിമിതമായ തോതിലുള്ള ഇന്റലിജന്‍സ് സംവിധാനം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കണം. സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് മദ്യവിരുദ്ധബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മേഖലാതലങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കണം. നിലവില്‍ ഇതിനായി ഒരു ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ തസ്തിക മാത്രമാണുള്ളത്. ഇത് അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി.
മദ്യത്തിനെതിരായ ബോധവത്കരണം അടുത്ത വര്‍ഷത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യര്‍ഥിക്കും. മദ്യനിരോധനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചതായി യോഗം വിലയിരുത്തി. ഒരു കിലോക്ക് മുകളിലുള്ള ലഹരിവസ്തുക്കള്‍ കൈവശം വെക്കുന്നതു മാത്രമാണ് ജാമ്യമില്ലാ കുറ്റമായി കണക്കാക്കിയിട്ടുള്ളത്. നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് കേന്ദ്ര നാര്‍ക്കോട്ടിങ് നിയമത്തില്‍ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായിട്ടില്ല. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ യോഗം എക്‌സൈസ് വകുപ്പ് വിളിച്ചുചേര്‍ക്കും.
ഓണക്കാലത്ത് അതിര്‍ത്തികള്‍ വഴിയുള്ള മദ്യക്കടത്ത് തടയുന്നതിന് പരിശോധന ശക്തമാക്കും. പോലിസ്, എക്‌സൈസ് സംയുക്തമായിട്ടായിരിക്കും പരിശോധന നടത്തുക. ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നകാര്യത്തില്‍ കൂടുതല്‍ സാങ്കേതികവശം പരിശോധിച്ചശേഷം തീരുമാനമെടുക്കും. നോര്‍ത്ത് സോണിലും സെന്‍ട്രല്‍ സോണിലും രണ്ട് മൊബൈല്‍ ലാബുകള്‍കൂടി ഉടന്‍ നിലവില്‍വരും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.