മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹെല്‍പ് ഡെസ്‌ക് ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

Posted on: August 26, 2014 8:29 pm | Last updated: August 26, 2014 at 8:41 pm

ap abdul hakeem azhariദുബൈ: മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹെല്‍പ് ഡെസ്‌ക് ദുബൈ മര്‍കസില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കോഴിക്കോട് താമരശ്ശേരിയില്‍ സ്ഥാപിതമാകുന്ന മര്‍കസ് നോളജ് സിറ്റിയിലെ പ്രഥമ പ്രൊഫഷണല്‍ സംരംഭമായ മര്‍കസ് ലോ കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നതിനോടനുനബന്ധിച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് ഗള്‍ഫ് ഡെസ്‌ക് സ്ഥാപിക്കുന്നത്.
ഈ അക്കാദമി വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന മര്‍കസ് ലോ കോളജ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുക. അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി ബി എ-എല്‍.എല്‍.ബി, ത്രിവല്‍സര എല്‍.എല്‍.ബി എന്നീ കോഴ്‌സുകളാണുള്ളത്. രണ്ട് സ്ട്രീമുകളിലെയും അമ്പത് ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതിന് ഗവണ്‍മെന്റുമായി കരാറിലൊപ്പിട്ടിട്ടുണ്ട്. ലോ കോളേജ് രണ്ടു വര്‍ഷത്തിനകം വിപുലമായ കാമ്പസിലേക്ക് മാറും.
സാമൂഹിക ബോധവും അര്‍പ്പണ മനോഭാവവുമുള്ള മികച്ച അഭിഭാഷകരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് മര്‍കസ് ലോ കോളേജിന്റെ ലക്ഷ്യം. നൈതിക ബോധവും, സാമൂഹിക പ്രതിബന്ധതയുമുള്ള അഭിഭാഷകരെ വാര്‍ത്തെടുക്കുന്നതിലൂടെ ദേശീയ നിര്‍മിതിക്കും സമുദായിക ശാക്തീകരണത്തിനും ഊര്‍ജം പകരാന്‍ സാധിക്കുമെന്നാണ് മര്‍കസ് കരുതുന്നത്.
ഡോ. ത്വാഹിര്‍ മഹ്മൂദ് ചെയര്‍മാനും ഡോ. സെബാസ്റ്റിയന്‍ പോള്‍ അംഗവുമായ വിദഗ്ധ സമിതിക്കാണ് ലോ കോളേജിന്റെ അക്കാദമിക മേല്‍നോട്ടം. കോഴിക്കോട് ഗവ: ലോ കോളേജ്, എറണാക്കുളം ഗവ: ലോ കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. പി. എസ് ഗോപി പ്രിന്‍സിപ്പാളായി ചുമതലയേറ്റിട്ടുണ്ട്. മികച്ച അക്കാദമിസ്റ്റുകളുടെയും അഭിഭാഷകരുടെയും പാനല്‍ മാസാന്ത ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും നേതൃത്വം നല്‍കും.
രാജ്യാന്തര നിലവാരമുള്ള നിയമ വിദ്യാഭ്യാസ സ്ഥാപനമായി മര്‍കസ് ലോ കോളേജിനെ ഉയര്‍ത്തും. ആവശ്യക്കാര്‍ക്ക് നിയമോപദേശവും നിയമ സഹായവും നല്‍കുന്നതിന് വേണ്ടിയുള്ള ലീഗല്‍ എയ്ഡ് ക്ലിനിക്കും ലോ കോളേജിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.
കേരളത്തില്‍ ഉയര്‍ന്നുവരുന്ന മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ഗള്‍ഫ് മലയാളികള്‍ക്കും വിദേശി സമൂഹത്തിനും പരിചയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഗള്‍ഫ് ഡെസ്‌ക് വഴി നല്‍കും. ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മക്കളുടെ വിദ്യാഭ്യാസം. സാങ്കേതിക തൊഴില്‍ പരമായ അറവ് കൂടി സ്വായത്തമാക്കുന്ന വിദ്യാഭ്യാസ സംസ്‌കാരം കേരളത്തില്‍ ശക്തിപ്പെടുത്തുന്നതിന് മര്‍കസ് ശ്രമങ്ങള്‍ നടത്തുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗവേഷണാന്തരീക്ഷം സൃഷ്ടിച്ച് പഠന പുരോഗതി നല്‍കുക, ധാര്‍മിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള വിദ്യാഭ്യാസ രീതി തുടങ്ങിയവയാണ് മര്‍കസ് പിന്തുടരുന്നത്.
കേരളത്തിലേക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് മര്‍കസ് നോളജ് സിറ്റി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പല രാജ്യക്കാരായ വിദ്യാര്‍ഥികളുമായി ഇടകലര്‍ന്ന് പഠനം നടത്തുന്നത് വിദ്യാര്‍ഥികളുടെ നിലവാരം വര്‍ധിപ്പിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാര്‍ഥിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യൂണിവേഴ്‌സിറ്റികളിലും പാഠ ശാലകളിലും പഠിക്കാനുള്ള അവസരവും മര്‍കസ് നോളജ് സിറ്റി പ്രദാനം ചെയ്യും. വിവരങ്ങള്‍ക്ക്: 04-2973999, 050-7680761