പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ; കാലാവസ്ഥയില്‍ വ്യതിയാനം

Posted on: August 26, 2014 8:08 pm | Last updated: August 26, 2014 at 8:08 pm

rainഅല്‍ ഐന്‍: കനത്ത ചൂടില്‍ പൊറുതി മുട്ടിക്കൊണ്ടിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴ ആശ്വാസം പകര്‍ന്നു. അല്‍ ഐന്‍ നഗരത്തിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു. എന്നാല്‍ മഴയോടൊപ്പം കഴിഞ്ഞ ഒരാഴ്ചയോളമായി വീശിക്കൊണ്ടിരിക്കുന്ന ശക്തമായ പൊടിക്കാറ്റ് പലയിടങ്ങളിലും ദുരിതം വിതക്കുകയാണ്. ഇടി മിന്നലോടു കൂടി പെയ്ത മഴയും ചെറിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കി. വരും ദിവസങ്ങളിലും പൊടിക്കാറ്റിനും ചെറിയ തോതിലുള്ള മഴക്കും സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഴ പെയ്തതോടെ രാജ്യത്തെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം വന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആഗസ്റ്റ് ആദ്യ പകുതിയില്‍ ചൂട് അസഹനീയമായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ വളരെയധികം പ്രയാസത്തിലാക്കിയിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി പെയ്ത മഴ ഏറെ ആശ്വാസം പകരുന്നതായി. അല്‍ ഐനില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ 45 നും 50 നും ഇടയിലായിലായിരുന്ന ചൂട് ഇപ്പോള്‍ 40 ഡിഗ്രിക്ക് താഴെയാണ്. സെപ്തംബര്‍ പകുതിയോടെ ചൂട് കുറയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ശക്തമായ പൊടിക്കാറ്റും ഒപ്പം മഴയും വന്നതോടെ പനി, ജലദോഷം തുടങ്ങിയ രോഗങ്ങളും പടരുകയാണ്. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: സി എന്‍ ആരിഫ്