ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; വിളമ്പുന്നത് പഴകിയ ഭക്ഷണമെന്ന് ആരോഗ്യ വകുപ്പ്

Posted on: August 26, 2014 10:45 am | Last updated: August 26, 2014 at 10:45 am

Indian foodമലപ്പുറം: ഹോട്ടലുകളില്‍ നിന്ന് നമ്മള്‍ വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളുടെ അവസ്ഥ അറിയണമെങ്കില്‍ ഇന്നലെ ആരോഗ്യവകുപ്പ് ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കേട്ടാല്‍ മതി. പത്തോളം ഹോട്ടലുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഇവിടെയെല്ലാം ആളുകള്‍ക്ക് വിളമ്പിക്കൊടുത്തിരുന്നത് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍. മാത്രമല്ല, ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കളും പരിശോധനാ സംഘം പിടികൂടി. പഴകിയ പൊറോട്ട, വെളളപ്പം, ചോറ്, വറുത്ത മത്സ്യം, ബീഫ്, ചിക്കന്‍ പലതവണ ഉപയോഗിച്ചു പഴകിയ എണ്ണ, പലഹാരങ്ങള്‍ തുടങ്ങിയവയാണ് റെയ്ഡില്‍ പിടികൂടിയത്. നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്, ഭക്ഷ്യ അവശിഷ്ടങ്ങള്‍ പൊതുവഴികളില്‍ തളളുന്നതായും കണ്ടെത്തി.
തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്ക ഹോട്ടലുകളിലും ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നത്. ഭക്ഷണങ്ങള്‍ അടച്ച് വെക്കാതെയും അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞും പകര്‍ച്ചവ്യാധികള്‍ അടക്കുമുളള രോഗങ്ങള്‍ക്ക് കാരണമാകുന്ന തരത്തിലാണ് പല ഹോട്ടലുകളുടെയും പ്രവര്‍ത്തനം.
മിക്ക ഹോട്ടലുകളിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ യാതൊരുവിധ മാനദണ്ഡവുമില്ലാതെയാണ് ഹോട്ടലുകളില്‍ ഇവരെ ജോലിക്ക് നിര്‍ത്തുന്നത്. മുന്‍പ് പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനും മറ്റുമാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മിക്കയിടത്തും ഇവരാണ് പാചകക്കാര്‍. കുറഞ്ഞവേതനം നല്‍കിയാല്‍ മതിയെന്നതാണ് ഹോട്ടലുടമകളെ ഇതിന് പ്രേരിപ്പിക്കുന്നത്. മഞ്ഞപ്പിത്തമടക്കമുളളവ പടരുമ്പോഴും മിക്ക ഹോട്ടലുകളിലും തിളപ്പിച്ച വെളളമല്ല നല്‍കുന്നത്. വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണവും കണ്ടെത്തിയാല്‍ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റെയ്ഡിന് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ തോമസ് രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ അബ്ദുല്‍ കരീം, ടി ഉമ്മര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി ശിവന്‍, ടി ദീപേഷ് പങ്കെടുത്തു.