റെയില്‍വേ പാളത്തില്‍ കല്ലുകള്‍ വെച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

Posted on: August 26, 2014 10:43 am | Last updated: August 26, 2014 at 10:43 am

railway trackവണ്ടൂര്‍: നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടിലെ വാണിയമ്പലത്ത് റെയില്‍വേ പാളത്തില്‍ കല്ലുകള്‍ കാണപ്പെട്ടതും തീവണ്ടിക്കെതിരെ കല്ലേറുണ്ടായ സംഭവത്തെ കുറിച്ചും റെയില്‍വേ സംരക്ഷണ സേനയിലെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. റെയില്‍വേ സംരക്ഷണ സേനയിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ എ എസ് ഐ യു. രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പ്രദേശത്തെത്തി തെളിവെടുപ്പ് നടത്തിയത്.
വാണിയമ്പലം പാറയുടെ സമീപമുള്ള വളവിലാണ് ഇരുപാളങ്ങളിലും പത്ത് മീറ്റര്‍ നിളത്തില്‍ കല്ലുകള്‍വെച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് 2.55ന് നിലമ്പൂരില്‍ നിന്നും എറണാകുളത്തേക്കുള്ള പാസഞ്ചര്‍ ട്രയിന്‍ കടന്നുപോകവെയായിരുന്നു സംഭവം. കല്ലിന് മുകളിലൂടെ രണ്ട് മീറ്ററോളം ദൂരം കയറിയതിന് ശേഷമാണ് ലോക്കോപൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാനായത്. തുടര്‍ന്ന് പതിനഞ്ച് മിനുട്ട് വൈകിയാണ് തീവണ്ടി ഓടിയത്. അന്നേദിവസം വൈകീട്ട് 6.30ന് നിലമ്പൂരിലേക്ക് വരികയായിരുന്ന തീവണ്ടിക്ക് നേരെ തൊടിയപ്പുലത്ത് എത്തുന്നതിന് മുമ്പ് കല്ലേറുമുണ്ടായി. ഇരുസംഭവങ്ങളും അന്വേഷിക്കാനാണ് റെയില്‍വേ സംരക്ഷണ സേന വാണിയമ്പലത്തെത്തിയത്. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കല്ലുവെച്ചത് കുട്ടികളാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട് .ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. ആര്‍ പി എഫ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ കേശവന്‍, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.