ഡെല്‍പിയറോ ഡല്‍ഹി ടീമിലേക്ക്

Posted on: August 26, 2014 10:38 am | Last updated: August 26, 2014 at 10:38 am

del_piero_juventusന്യൂഡല്‍ഹി: ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീം അംഗമായ അലസാന്‍ഡ്രോ ഡെല്‍പിയറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. ഡല്‍ഹി ഡൈനാമോസ് ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനുള്ള തിരിക്കു പിടിച്ച ശ്രമത്തിലാണ്. ഡെല്‍പിയറോയുടെ സഹോദരനും ഏജന്റുമായ സ്റ്റെഫാനോയുമായി അവസാനവട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയ ഡല്‍ഹി ക്ലബ്ബ് അധികൃതര്‍ ഈയാഴ്ചയോടെ കരാറൊപ്പുവെക്കും. ഡെല്‍പിയറോയുമായുള്ള കരാറിന് ധാരണയായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കും – ഡൈനാമോസിന്റെ ഒരുന്നത ഒഫിഷ്യല്‍ പറഞ്ഞു.
മുപ്പത്തൊമ്പതു വയസുള്ള ഡെല്‍പിയറോ ആസ്‌ത്രേലിയന്‍ എ ലീഗ് ക്ലബ്ബ് സിഡ്‌നി എഫ് സിയുമായി വഴി പിരിഞ്ഞിരുന്നു.
സിഡ്‌നി എഫ് സിയുടെ മാര്‍ക്വു താരമായ ഡെല്‍പിയറോയെ ഡൈനാമോസും മാര്‍ക്വു പ്ലെയറാക്കും.
ഹംഗേറിയന്‍ ക്ലബ്ബ് ഹോന്‍വെഡ് എഫ് സിയുമായി ചര്‍ച്ച നടക്കുന്നതിനാലാണ് ഡെല്‍പിയറോയുമായുള്ള ഡൈനാമോസിന്റെ കരാര്‍ ഇത്രയും വൈകിയത്.
ഇതിഹാസതാരം പുഷ്‌കാസ് ഹോന്‍വെഡില്‍ ധരിച്ച പത്താം നമ്പര്‍ ലഭിക്കുമെന്ന പ്രലോഭനമാണ് ഡെല്‍പിയോറക്ക് മുന്നില്‍ ഹംഗറി ക്ലബ്ബ് വെച്ചത്. യു എസിലെ മേജര്‍ ലീഗ് സോക്കറിലേക്കും വെറ്ററന്‍ സ്‌ട്രൈക്കര്‍ക്ക് ക്ഷണമുണ്ട്.
2006 ലോകകപ്പ് ജേതാവായ ഡെല്‍പിയറോ ഇറ്റാലിയന്‍ ക്ലബ്ബ് ജുവെന്റസിന്റെ ഇതിഹാസ താരമാണ്.
സീരി എ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, കോപ ഇറ്റാലിയ കിരീടങ്ങള്‍ ജുവെന്റസിനൊപ്പം നേടിയ ഡെല്‍പിയറോ 19 വര്‍ഷം ക്ലബ്ബില്‍ തുടര്‍ന്നു. ഇതില്‍ പതിനൊന്ന് വര്‍ഷവും ടീമിന്റെ നായകനായിരുന്നു. ഒരു ക്ലബ്ബില്‍ ഏറ്റവുമധികം കാലം കളിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് ഡെല്‍പിയറോ. ജുവെന്റസിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ (എഴുനൂറിലേറെ) കളിച്ച താരവും ഡെല്‍പിയറോയാണ്. രാജ്യാന്തര തലത്തില്‍ ഇറ്റലിക്ക് വേണ്ടി 91 മത്സരങ്ങള്‍ കളിച്ചു.