Connect with us

Kerala

പി എസ് സി യോഗങ്ങളില്‍ നിന്ന് അംഗങ്ങള്‍ മുങ്ങിനടക്കുന്നു

Published

|

Last Updated

pscതിരുവനന്തപുരം :കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാതെ പി എസ് സി അംഗങ്ങള്‍ മുങ്ങി നടക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ 29 യോഗങ്ങളില്‍ നിന്ന് അവധിയെടുത്ത അംഗങ്ങളുണ്ടെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്ന അംഗമായ കെ കെ രമണിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 29 തവണ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. മറ്റൊരംഗമായ ഡോ. എം കെ ജീവന്‍ പി എസ് സി അംഗമായിരിക്കെ തന്നെ ശമ്പളം പറ്റി ജനറല്‍ ആശുപത്രിയില്‍ സര്‍ജനായി ജോലി ചെയ്യുകയാണ്.

അതേസമയം. അവധിയെല്ലാം ചട്ടപ്രകാരമാണെന്നും മാനദണ്ഡമനുസരിച്ചാണ് അനുവദിച്ചതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. കമ്മീഷന്‍ അംഗമായ ഡോ. എം കെ ജീവന്‍ ജനറല്‍ ആശുപത്രിയില്‍ സര്‍ജനായി ജോലിചെയ്യുന്നതിനെക്കുറിച്ച് രേഖകള്‍ കിട്ടിയാല്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ഹതപ്പെട്ട അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കാതിരിക്കാനാകില്ലെന്നാണ് ചെയര്‍മാന്റെ നിലപാട്. എന്നാല്‍ 20ല്‍പരം യോഗങ്ങളില്‍ നിന്ന് കമ്മീഷന്‍ അംഗങ്ങള്‍ വിട്ടുനിന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ മറുപടിയില്ല. ജീവന് സര്‍ജനായി ജോലിചെയ്യാന്‍ മുന്‍ പി എസ് സി ചെയര്‍മാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുള്ള അധികാരം ചെയര്‍മാനുണ്ട്. സര്‍ജനായി ജോലി ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്നാണ് പി എസ് സി അനുമതി നല്‍കിയത്. ജീവന്‍ ആശുപത്രിയില്‍ നിന്ന് ശമ്പളം വാങ്ങുന്നതായി തന്റെയോ പി എസ് സിയുടെയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രേഖകള്‍ ലഭിച്ചാലേ ജീവനെതിരെ നടപടിയെടുക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പ്രതികരിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ അംഗം ഇതര മേഖലയില്‍ ശമ്പളം പറ്റി പണിയെടുക്കുന്നതു പിരിച്ചുവിടത്തക്ക കുറ്റമാണെന്നു ഭരണഘടനയുടെ അനുച്‌ഛേദം 317 (മൂന്ന്) വ്യക്തമാക്കുന്നുണ്ട്. യോഗങ്ങളില്‍ പങ്കെടുക്കാതെ മുങ്ങി നടക്കുന്ന അംഗങ്ങള്‍ വേറെയുമുണ്ട്. ഡോ. ഗ്രേസമ്മ മാത്യു മൂന്ന് വര്‍ഷത്തിനിടെ 20 യോഗങ്ങളില്‍ നിന്നാണ് വിട്ടുനിന്നത്. അംഗങ്ങളായ അശോകന്‍ ചരുവില്‍, സിമി റോസ്‌ബെല്‍ ജോണ്‍ 17 ഉം, ഡോ. പി മോഹന്‍ദാസ് 14 ഉം, ഡോ. കെ ഉഷ 13 ഉം, അഡ്വ. വി ടി തോമസ് 11 ഉം, യു സുരേഷ്‌കുമാര്‍ 10 ഉം, അഡ്വ. എം കെ ശേഖര്‍ ഒമ്പതും, കെ പ്രേമരാജന്‍ ഏഴും, പ്രൊഫ. എന്‍ ശെല്‍വരാജ്, അഡ്വ. ഇ രവീന്ദ്രനാഥന്‍ ആറും യോഗങ്ങളില്‍ പങ്കെടുത്തില്ല. നേരത്തെ എല്ലാ തിങ്കളാഴ്ചയുമാണു കമ്മീഷന്‍ യോഗം ചേര്‍ന്നിരുന്നത്. അംഗങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് ഒന്നിടവിട്ട ആഴ്ചകളില്‍ യോഗം ചേര്‍ന്നാല്‍ മതിയെന്നു കമ്മീഷന്‍ യോഗം തീരുമാനിക്കുകയായിരുന്നു. എന്നിട്ടും ഭൂരിപക്ഷം അംഗങ്ങളും കൃത്യമായി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കമ്മീഷന്‍ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ വീഴ്ച വരുത്തുന്നതു കുറ്റകരമാണ്. വീഴ്ച വരുത്തിയാല്‍ ചെയര്‍മാന് നടപടി സ്വീകരിക്കാമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. എന്നിരിക്കെയാണ് കമ്മീഷന്‍ അംഗങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ കമ്മീഷന്‍ യോഗങ്ങളില്‍നിന്ന് വിട്ടുനിന്നത്. പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റര്‍വ്യു, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, അെഡ്വെസ് മെമ്മോ, നിയമനം എന്നിവയുടെ മേല്‍നോട്ടത്തിനു കമ്മീഷന്‍ അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest