ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചിട്ടില്ല: പിണറായി

Posted on: August 25, 2014 2:03 am | Last updated: August 25, 2014 at 11:05 am

IN25_VSS_PINARAI_14297eതിരുവനന്തപുരം: പരനാറികളെ പരമയോഗ്യരെന്ന് വിളിക്കാന്‍ താന്‍ ശീലിച്ചിട്ടില്ലെന്നും പരനാറി, കുലംകുത്തി, ചെറ്റ, നികൃഷ്ടജീവി എന്നിങ്ങനെയുള്ള വാക്കുകള്‍ നാളെയും ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി പി ചന്ദ്രശേഖരനെ താന്‍ കുലംകുത്തിയെന്ന് വിളിച്ചിട്ടില്ല. എം എ ബേബിയുടെ പരാമര്‍ശങ്ങള്‍ തന്നെക്കുറിച്ചല്ല. ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും എപ്പോഴും ശ്രദ്ധിക്കണം എന്നൊരാള്‍ പറഞ്ഞാല്‍ അത് പിണറായി വിജയനെക്കുറിച്ചാണ് എന്ന് ചിന്തിക്കുന്നത് എന്തിനാണെന്നും ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ പിണറായി വ്യക്തമാക്കി. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കലാണത്. എന്തിന്റെ മേലും പിണറായി വിജയനെ പിടിച്ചുകളയാം എന്ന വികാരമുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും പിണറായി പറയുന്നു. പരനാറി, കുലംകുത്തി, ചെറ്റ, നികൃഷ്ട ജീവി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചപ്പോള്‍ ക്ഷുഭിതനായാണ് പ്രതികരിക്കുന്നത് ”ഈ വാക്കുകളെല്ലാം ഓരോരുത്തര്‍ക്കും ചേരുന്ന പദങ്ങളായിരിക്കും. നാളെ നിങ്ങളെയും ഞാന്‍ അങ്ങനെ വിളിച്ചുവെന്നു വരും. ഈ വാക്കുകളൊന്നും ഞാന്‍ വിളിക്കാതിരിക്കില്ല” – പിണറായി പറയുന്നു.
ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന്‍ തനിക്ക് വേണ്ടപ്പെട്ടവനാണ്. കേസില്‍ കുഞ്ഞനന്തന്‍ ശിക്ഷിപ്പെട്ടുവെന്നത് വസ്തുതയാണ്. പക്ഷേ, ശിക്ഷിക്കപ്പെടേണ്ട ആളല്ല അയാള്‍ എന്നുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് മേല്‍ കണ്ണൂര്‍ നേതാക്കള്‍ക്ക് അധീശത്വം ഉണ്ടോ എന്ന് തനിക്ക് അറിയില്ല. അങ്ങനെ ഒരു ചേരിതിരിവ് പാര്‍ട്ടിക്കകത്ത് ഒരിടത്തുമില്ല. ഇപ്പോള്‍ പഴയതുപോലെ മാധ്യമ സിന്‍ഡിക്കേറ്റില്ല. ഇപ്പോള്‍ അതിനൊരു പ്രസക്തിയില്ല. വസ്തുതയുമായി ബന്ധമില്ലാത്ത ഒരു വാര്‍ത്ത സി പി എമ്മിനെതിരെ ഉണ്ടാക്കുന്നു. അതൊരു വാര്‍ത്തയായി വരുന്നു. പല മാധ്യമങ്ങളിലും ചിലപ്പോള്‍ ഒരേ വാചകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു പ്രത്യേക കേന്ദ്രത്തില്‍ വെച്ച് തയാറാക്കുന്ന വാര്‍ത്തയായിരുന്നു അത്. ആ ഘട്ടത്തിലാണ് താനതിനെ ഒരു സിന്‍ഡിക്കേറ്റ് ആണെന്ന് പറഞ്ഞ് ആക്ഷേപിച്ചത്. സി പി എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നണിയില്‍ കൂടുതല്‍ മര്യാദ കാണിക്കുന്നത് സി പി എമ്മുകാരാണെന്നായിരുന്നു പിണറായിയുടെ മറുപടി.