സി പി എം നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും

Posted on: August 25, 2014 10:59 am | Last updated: August 25, 2014 at 10:59 am

cpmതിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് തയ്യാറെടുപ്പും പ്രധാന ചര്‍ച്ചയാകുന്ന സി പി എം നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് തുടക്കമാകും. കാസര്‍കോട്, എറണാകുളം, ആലപ്പുഴ, പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗരേഖ തയാറാക്കുന്നത് സംബന്ധിച്ച് യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും ഈ മാസം 27, 28 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. സംസ്ഥാനത്തെ പാര്‍ട്ടി സമ്മേളനങ്ങളുടെ സമയക്രമങ്ങളും സംസ്ഥാന സമ്മേളനത്തിന്റെ വേദിയും ഈ യോഗങ്ങളില്‍ തീരുമാനിക്കും.

സെപ്തംബര്‍ മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ഈ മാസം ആദ്യം നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. എപ്രിലില്‍ വിശാഖപട്ടണത്താണ് 21 ാം പാര്‍ട്ടി കോണ്‍ഗ്രസ്. സെപ്തംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ച് മാര്‍ച്ചില്‍ സംസ്ഥാന സമ്മേളനത്തോടെ അവസാനിക്കുന്ന സമ്മേളന സമയക്രമം അതാത് സംസ്ഥാന കമ്മിറ്റികളാണ് തീരുമാനിക്കുക. സംസ്ഥാന സമ്മേളന വേദിയായി കാസര്‍കോട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഇവയില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ക്കാണ് മുഖ്യപരിഗണന. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളും തെക്കന്‍ ജില്ലകളില്‍ ആയതും ഇതുവരെ സമ്മേളനത്തിന് വേദിയാകാത്തതുമാണ് കാസര്‍കോടിന് മുന്‍ഗണന നല്‍കുന്നത്.
സെപ്തംബര്‍ മാസത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങളും ഒക്‌ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങളും നവംബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെ ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കുന്ന തരത്തിലായിരിക്കും സമയക്രമം ക്രമീകരിക്കുക. ഡിസംബര്‍ അവസാന വാരം മുതല്‍ ജില്ലാ സമ്മേളനങ്ങളും ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനവും നടക്കും.
അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്ക് പ്രാദേശികമായി സംഭവിച്ച ദൗര്‍ബല്യങ്ങളെ കുറിച്ചും അവ പരിഹരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും ഭരണ പക്ഷത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനിന്നിട്ടിട്ടും അത് രാഷ്ട്രീയമായി മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിയാതിരിക്കുന്നതും പ്രധാന ചര്‍ച്ചയാകും. ഭവന സര്‍വേയുള്‍പ്പെടെ നടത്തി പ്രാദേശികമായ വിവരശേഖരണം ഇതിനകം തന്നെ പാര്‍ട്ടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുളള പരിശോധനയും ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞുളള നടപടികളും സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനിക്കും. പ്രാദേശികതലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കീഴ്ഘടകങ്ങളുടെയും അനുബന്ധ സംഘടനകളുടെയും സാമൂഹിക- പൊതു പ്രശ്‌നങ്ങളിലെ ഇടപെടലിനെ കുറിച്ചും ചര്‍ച്ച നടക്കും.