ആദിവാസികള്‍ക്കായി ഏറ്റെടുത്ത ഭൂമി വാസയോഗ്യമല്ലെന്ന്

Posted on: August 24, 2014 10:38 am | Last updated: August 24, 2014 at 10:38 am

കല്‍പ്പറ്റ: ‘ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം’ പദ്ധയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്ത തരിയോട് പഞ്ചായത്തിലെ ഭൂമി വാസയോഗ്യമല്ലാത്തതാണെന്ന് ആദിവാസി കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്‍.ഐ ബാബു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ ഈ ഭൂമിക്കെതിരെ തരിയോട് ഗ്രാമപഞ്ചായത്ത് ഐക്യകണ്‌ഠേനെ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നിര്‍ദിഷ്ട താല്‍പര്യത്തിനു വേണ്ടിയാണ് ഭൂമിയേറ്റെടുത്തത്. വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന പ്രദേശമാണിത്. രണ്ടോ മൂന്നോ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇവിടെ വീടുവെക്കാന്‍ സാധിക്കുക. ബാക്കി സ്ഥലം ചെങ്കുത്തായി കിടക്കുന്നതാണ്. ഇടുക്കി ജില്ലയില്‍ 25 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഡിപര്‍ട്‌മെന്റ്തല അന്വേഷണം നേരരിടുന്ന വ്യക്തിയാണ് ഈ ഭൂമിക്കായി റിപ്പോര്‍ട്ട് നല്‍കിയ ടി.ഇ.ഒ. ഇതും ഭൂമിയേറ്റെടുക്കലില്‍ വന്‍ അഴിമതി നടക്കാന്‍ കാരണമായിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനെതിരെ ഗ്രാമപഞ്ചായത്തും നിരവധി ആദിവാസി സംഘടനകളും പരാതി നല്‍കിയെങ്കിലും ഇതിന്‍മേല്‍ കാര്യമായ അന്വേഷണം പോലും നടത്താതെ മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ആശിക്കും ഭൂമി വിതരണ ചടങ്ങില്‍ ഭൂമിയുടെ പ്രമാണങ്ങള്‍ കൈമാറിയതെന്നും ബാബു ആരോപിച്ചു. സര്‍ക്കാരിനെയും ജില്ലാ കലക്ടറെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്നതിന് കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയാണ് ചില റവന്യു ഉദ്യോഗസ്ഥര്‍ ഈ ഭൂമിയേറ്റെടുത്തത്. മുന്‍ സര്‍ക്കാരിന്റെ സമയത്ത് കണ്ടെത്തുകയും എന്നാല്‍ ആദിവാസി സംഘടനകര്‍ ഉള്‍പ്പെട്ട കമ്മിറ്റി പരിശോധിച്ച് വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്ത ഇത്തരത്തിലുള്ള ഭൂമികള്‍ ഏറ്റെടുക്കുന്ന പ്രവണത അധികൃതര്‍ അവസാനിപ്പിക്കണമെന്നും ഭൂമി ഏറ്റെടുക്കല്‍ സുതാര്യമാക്കാന്‍ വകുപ്പ് മന്ത്രിയുടെ പ്രതിനിധികളെയും ആദിവാസി സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പര്‍ച്ചേസിംഗ് കമ്മിറ്റി വിപുലപ്പെടുത്തി മാസത്തില്‍ മൂന്ന് തവണയെങ്കിലും സിറ്റിംഗ് നടത്തി ലഭ്യമായ അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഐ ബാു ആവശ്യപ്പെട്ടു.