വാദ്യകുലപതിക്ക് കലാകേരളത്തിന്റെ ആദരം; ശ്രുതിമേളനത്തിന് സമാപനമായി

Posted on: August 24, 2014 10:21 am | Last updated: August 24, 2014 at 10:21 am

MATTANNURചെര്‍പ്പുളശ്ശേരി: ചെണ്ടയുടെ നാദം ലോകത്തിന് പകര്‍ന്ന് നല്‍കിയ അതുല്യനായ കലാകാരനാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്ത സംഭാവനകള്‍ വാദ്യലോകത്തിന് മുതല്‍ക്കൂട്ടാണെന്നും നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് വെള്ളിനേഴിയില്‍ നടന്ന ശ്രുതിമേളനത്തിന്റെ സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ കെ എസ് സലീഖ എം എല്‍ എ അധ്യക്ഷത വഹിച്ചു. മൃദംഗ ചക്രവര്‍ത്തി പത്മഭൂഷണ്‍ ഡോ. ഉമയാള്‍പുരം ശിവരാമന്‍ മട്ടന്നൂരിന് ഉപഹാര സമര്‍പ്പണംനടത്തി. ശിഷ്യനും ചലച്ചിത്ര നടനുമായ പത്മശ്രീ ജയറാം കീര്‍ത്തി പത്രം സമര്‍പ്പിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി കീര്‍ത്തിഫലകം മട്ടന്നൂരിന് നല്‍കി. ശ്രീകൃഷ്ണപുരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ സി രാമന്‍കുട്ടി, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജി ഗീത, കലാമണ്ഡലം രജിസ്ട്രാര്‍ കെ കെ സുന്ദരേശന്‍, സി കൃഷ്ണകുമാര്‍, ടി എ സുന്ദരമേനോന്‍, ഡോ. പി ബാലചന്ദ്രവാര്യര്‍, വി രാമന്‍കുട്ടി, കലാണ്ഡലം ഉണ്ണികൃഷ്ണന്‍, കെ ബി രാജ്ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നലെ പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയും സംഘവും അവതിരിപ്പിക്കുച്ച കുറുംകുഴല്‍ കച്ചേരി, എ കെ സി നടരാജന്റെ ക്ലാരനറ്റ് കച്ചേരി, ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം എന്നിവ നടന്നു. രാത്രി രാജേഷ് വൈദ്യയുടെ വീണക്കച്ചേരിയും തുടര്‍ന്ന് നളചരിതം ഒന്നാംദിവസം, ദുര്യോധനവധം, ശ്രീരാമപട്ടാഭിഷേകം കഥകളിയും അരങ്ങേറി.