ജമ്മൂവില്‍ വീണ്ടും പാക് വെടിവെപ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു

Posted on: August 23, 2014 11:23 pm | Last updated: August 23, 2014 at 11:23 pm

uri borderജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കാശ്മീരില്‍ പാക് വെടിവെപ്പ്. ബി എസ് എഫിന്റെ 22 ഔട്ട്‌പോസ്റ്റുകളും പതിമൂന്ന് ഗ്രാമങ്ങളും ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ജമ്മു സെക്ടറില്‍ നടന്ന വെടിവെപ്പില്‍ ബി എസ് എഫ് ജവാന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. പാക് വെടിവെപ്പിനെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ മൂവായിരത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതിര്‍ത്തിയിലെ അര്‍നിയ, ആര്‍ എസ് പുര മേഖലയിലും പൂഞ്ചിലെ ഹാമിര്‍പൂര്‍ സബ് സെക്ടറിലുമാണ് വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം വെടിവെപ്പുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് ബി എസ് എഫ് പ്രത്യാക്രമണം നടത്തി. ഏഴ് മണിക്കൂറോളം വെടിവെപ്പ് നീണ്ടതായി ബി എസ് എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോര്‍ട്ടാര്‍, യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് പാക് റേഞ്ചേഴ്‌സ് ആക്രമണം തുടങ്ങിയത്. ആര്‍ എസ് പുര സ്വദേശികളായ അക്രം ഹുസൈന്‍, അദ്ദേഹത്തിന്റെ മകന്‍ അസ്‌ലം എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീടിനുള്ളില്‍ ഷെല്‍ പതിക്കുകയായിരുന്നുവെന്ന് സബ് ഡിവിഷനല്‍ പോലീസ് ഓഫീസര്‍ അറിയിച്ചു.
സിയ, ജോര്‍ദ ഫാം, നികോവാല്‍, ഗാരി, ഘരാന തുടങ്ങിയ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്. ഇവിടെയുള്ളവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിലെയും പോലീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍ എസ് പുരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം പാക്കിസ്ഥാന്‍ ഭാഗത്തു നിന്നുണ്ടായതില്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്നലെ നടന്നത്. രണ്ടാഴ്ചക്കിടെ പതിനാറ് തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതേസമയം, ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിച്ചു.