യു എ ഇയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്ന് സര്‍വേ

Posted on: August 23, 2014 7:06 pm | Last updated: August 23, 2014 at 7:06 pm

dubai constructionദുബൈ: രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സര്‍വേ. റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബെയ്ത് ഡോട്ട് കോം നടത്തിയ സര്‍വേയിലാണ് തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷം നല്‍കുന്ന വിവരം. തൊഴില്‍ രംഗത്തെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യു ഗോവുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്. സെയില്‍സ് മാനേജര്‍മാര്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയ തസ്തികകളിലാണ് തൊഴില്‍ അവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുക.
യു എ ഇയിലെ 44 ശതമാനം കമ്പനികള്‍ അടുത്ത മൂന്നു മാസത്തിനകം കൂടുതല്‍ ആളുകളെ നിയമിക്കും. ഇവയില്‍ 64 ശതമാനം കമ്പനികളില്‍ ചുരുങ്ങിയത് 10 ഒഴിവുകള്‍ വീതമെങ്കിലും സൃഷ്ടിക്കപ്പെടും. ഇതില്‍ അധികവും ജൂനിയര്‍ എക്‌സിക്യൂട്ടീവുകളുടെ ഒഴിവുകളായിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
ജി സി സി രാജ്യങ്ങളായ സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നി രാജ്യങ്ങളെയാണ് മധ്യപൗരസ്ത്യ ദേശത്തു നിന്നു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സി ഇ ഒ, സി എഫ് ഒ, സി എം ഒ, സി ഒ ഒ, എം ഡി, ഡെപ്യൂട്ടി എം ഡി, പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, റീജിനല്‍ ഡയറക്ടര്‍, ഡയറക്ടര്‍, മാനേജര്‍, അനലിസ്റ്റ്, കോഓഡിനേറ്റര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ്, ജുനീയര്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് നിയമനങ്ങള്‍ ഉണ്ടാവുകയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.