സ്റ്റെയിനും മോര്‍ക്കലും തിരിച്ചെത്തി

Posted on: August 23, 2014 10:41 am | Last updated: August 23, 2014 at 10:41 am

styneകേപ്ടൗണ്‍: ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ പേസര്‍മാരായ ഡെയില്‍ സ്റ്റെയിനും മോര്‍നി മോര്‍ക്കലും തിരിച്ചെത്തി. സിംബാബ്‌വെ, ആസ്‌ത്രേലിയ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ് തിങ്കളാഴ്ച ആരംഭിക്കും.
സിംബാബ്‌വെക്കെതിരെ 3-0ന് ഏകദിന പരമ്പര തൂത്തുവാരിയ ടീമില്‍ സ്റ്റെയിനും മോര്‍ക്കലും ഇല്ലായിരുന്നു. വിശ്രമകാലം കഴിഞ്ഞുള്ള ഇവരുടെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കന്‍ നിരയെ കൂടുതല്‍ ശക്തമാക്കും. അടുത്ത വര്‍ഷത്തെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ആസ്‌ത്രേലിയയും ദക്ഷിണാഫ്രിക്കയും ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങുന്നത്. സീമര്‍മാരായ കൈല്‍ അബോട്ടിനെയും മിതോകോസിസി ഷെസിയെയും നിലനിര്‍ത്തിയ ദക്ഷിണാഫ്രിക്ക പരിക്ക് ഭേദമാകാത്ത ബ്യൂറെന്‍ ഹെന്‍ഡ്രിക്‌സിനെ തഴഞ്ഞു.
കഴിഞ്ഞ ദിവസം ബുലവായോ ഏകദിനത്തില്‍ ആദ്യ പന്തില്‍ റണ്ണൗട്ടായ ഓപണിംഗ് ബാറ്റ്‌സ്മാന്‍ റിലീ റോസോവിനെ നിലനിര്‍ത്തി. തിങ്കളാഴ്ച ആസ്‌ത്രേലിയയും സിംബാബ്‌വെയും തമ്മിലാണ് ആദ്യ മത്സരം.
സ്‌ക്വാഡ്: എ ബി ഡിവില്ലേഴ്‌സ് (ക്യാപ്റ്റന്‍), കൈല്‍ അബോട്ട്, ഹാഷിം അംല, ക്യുന്റന്‍ ഡി കോക്ക്, ജെ പി ഡുമിനി, ഫാഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, റിയാന്‍ മക്‌ലാരന്‍, ഡേവിഡ് മില്ലര്‍, മോര്‍നി മോര്‍ക്കല്‍, വെയിന്‍ പാര്‍നെല്‍, ആരോന്‍ ഫാന്‍ഗിസ്, റിലി റോസോവ്, മിതോകോസിസ് ഷെസി, ഡെയില്‍ സ്റ്റെയിന്‍.