Connect with us

Ongoing News

ഏഴ് പുതുമുഖങ്ങള്‍, കോപ അമേരിക്ക ലക്ഷ്യമിട്ട് ഉറുഗ്വെ

Published

|

Last Updated

മോണ്ടിവീഡിയോ: വെറ്ററന്‍ താരങ്ങളായ ഡിയഗോ ഫോര്‍ലാന്‍, ഡിയഗോ ലുഗാനോ എന്നിവരെ ഒഴിവാക്കി ഏഷ്യന്‍ പര്യടനത്തിനുള്ള ഉറുഗ്വെ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. വിലക്ക് സൗഹൃദ മത്സരത്തിന് ബാധകമല്ലെങ്കിലും ലൂയിസ് സുവാരസിനെയും ഉറുഗ്വെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഫിഫ ലോകകപ്പിന് ശേഷം ഉറുഗ്വെ ആദ്യമായിട്ട് ടീം പ്രഖ്യാപിക്കുകയാണ്. 29 അംഗ സ്‌ക്വാഡില്‍ പതിനെട്ട് പേരും ലോകകപ്പ് ടീമിലുണ്ടായിരുന്നവരാണ്. എന്നാല്‍, മറ്റ് പതിനൊന്ന് പേരില്‍ ഏഴും പുതുമുഖങ്ങള്‍. ചിലിയില്‍ അടുത്ത വര്‍ഷം നടക്കുന്ന കോപ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉറുഗ്വെ ഫുട്‌ബോളില്‍ പരീക്ഷണം ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം ബാഴ്‌സലോണക്കായി സൗഹൃദ മത്സരത്തില്‍ പതിനഞ്ച് മിനുട്ട് നേരം കളിച്ച സുവാരസിന് മത്സരപ്രാധാന്യമുള്ള കളികളില്‍ നാല് മാസത്തെ വിലക്കുണ്ട്. സെപ്തംബര്‍ അഞ്ചിന് ജപ്പാനെതിരെയാണ് ഉറുഗ്വെയുടെ ആദ്യ കളി. നാല് ദിവസങ്ങള്‍ക്ക് ശേഷം സോളില്‍ ദക്ഷിണകൊറിയയെ നേരിടും. ഒക്‌ടോബര്‍ പത്തിന് ജിദ്ദയില്‍ സഊദി അറേബ്യയുമായിട്ടാണ് മറ്റൊരു മത്സരം.
ക്യാപ്റ്റനായിരുന്ന ലുഗാനോയെയും സ്‌ട്രൈക്കര്‍ ഡിയഗോ ഫോര്‍ലാനെയും ഒഴിവാക്കിയതിന് അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. മുപ്പതുകള്‍ പിന്നിട്ട ഇവര്‍ ഉറുഗ്വെയുടെ ഭാവിപദ്ധതികളുടെ ഭാഗമാകില്ലെന്ന വ്യക്തമായ സൂചനയാണ് കോച്ച് ഓസ്‌കര്‍ ടബരെസ് നല്‍കിയത്.
അടുത്ത നാല് വര്‍ഷം കൂടി ടീമിനൊപ്പം തുടരാമെന്ന് തീരുമാനിച്ച ടബരെസ് പുതിയ രക്തങ്ങളെ തേടുകയാണ്. പുറം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ടബരെസിന് പകരം അണ്ടര്‍ 20 കോച്ച് ഫാബിയന്‍ കോയിറ്റിനാണ് ടീം ചുമതല.
ബൊളോഗ്നയുടെ മിഡ്ഫീല്‍ഡര്‍ ഡിയഗോ പെരെരസ്, സതംപ്ടണിന്റെ ഗാട്‌സന്‍ റാമിറെസ് എന്നിവരാണ് തഴയപ്പെട്ട ലോകകപ്പ് ടീം അംഗങ്ങള്‍.
സ്‌ക്വാഡ്: ഗോള്‍ കീപ്പര്‍മാര്‍ – ഫെര്‍നാന്‍ഡോ മുസ്‌ലെര, മാര്‍ട്ടിന്‍ സില്‍വ, മാര്‍ട്ടിന്‍ കംപാന, റോഡ്രിഗോ മുനോസ്.
ഡിഫന്‍ഡര്‍മാര്‍ – ഡിയഗോ ഗോഡിന്‍, ജോസ് മരിയ ജിമിനെസ്, സെബാസ്റ്റ്യന്‍ കോട്‌സ്, എമിലിയാനോ വെലാസ്‌ക്വസ്, മാര്‍ട്ടിന്‍ കാസിറെസ്, അല്‍വാരോ പെരേര, മാതിയസ് കൊറൂജോ, മതിയാസ് അഗ്യുറെഗാരി, ജോര്‍ജ് ഫുസൈല്‍, അലസാന്‍ഡ്രൊ സില്‍വ, മാക്‌സിമിലിയാനോ പെരേര.
മിഡ്ഫീല്‍ഡര്‍മാര്‍ – വാള്‍ട്ടര്‍ ഗര്‍ഗാനോ, എജിഡിയോ അരെവാലോ റയസ്, അല്‍വാരോ ഗോണ്‍സാലസ്, ഡിയഗോ ലക്‌സാത്, കമിലോ മയാദ, ജോര്‍ജ് റോഡ്രിഗസ്, നികോളാസ് ലോഡെയ്‌റോ, ക്രിസ്റ്റ്യന്‍ റോഡ്രിഗസ്, ജോര്‍ജിയന്‍ അരാസ്‌കെറ്റ.
ഫോര്‍വേഡ്‌സ്- എഡിന്‍സന്‍ കവാനി, ക്രിസ്റ്റ്യന്‍ സ്റ്റ്വുവാനി, അബെല്‍ ഹെര്‍നാണ്ടസ്, ഡിയഗോ റൊലാന്‍, ജൊനാഥന്‍ റോഡ്രിഗസ്.

 

---- facebook comment plugin here -----

Latest