Connect with us

International

റഷ്യന്‍ ട്രക്കുകള്‍ ഉക്രൈനില്‍; കടന്നു കയറ്റമെന്ന് ആരോപണം

Published

|

Last Updated

കീവ്: റഷ്യന്‍ സഹായസാമഗ്രികളുമായുള്ള ലോറികള്‍ അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിച്ചതായും ഇതിലൂടെ റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായും ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പ്രൊഷെന്‍കോ. നൂറിലധികം റഷ്യന്‍ ലോറികള്‍ കസ്റ്റംസിന്റെയോ റെഡ്‌ക്രോസിന്റെയോ അനുമതിയില്ലാതെ വെള്ളിയാഴ്ചയോടെ രാജ്യത്ത് പ്രവേശിച്ചതായി അദ്ദേഹം പറഞ്ഞു. യുദ്ധമേഖലയായ പടിഞ്ഞാറന്‍ ഉക്രൈനിലെ സിവിലിയന്‍മാര്‍ക്ക്, പ്രത്യേകിച്ച് വിമത നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക് നഗരത്തിലേക്കാണ് റഷ്യയുടെ സഹായസാമഗ്രികള്‍ എത്തിക്കുന്നത്.
റഷ്യ നടത്തിയത് നേരിട്ടുള്ള കടന്നുകയറ്റമാണെങ്കിലും വാഹനവ്യൂഹങ്ങള്‍ക്കെതിരെ സൈനിക നീക്കം നടത്തിയിട്ടില്ലെന്ന് ഉക്രൈന്‍ സുരക്ഷാ തലവന്‍ വലന്റിന്‍ നലിവ്യാചെന്‍കോ പറഞ്ഞു. ലോറികള്‍ക്ക് വിമത പോരാളികള്‍ അകമ്പടി നല്‍കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇത് വാഹനവ്യൂഹത്തിന്റെ ഭാഗമല്ലെന്ന് റെഡ്‌ക്രോസ് പറഞ്ഞു. വാഹനവ്യൂഹത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഉക്രൈനിന് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ സഹായവുമായി ലോറികള്‍ ഉക്രൈനിലെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലല്ല സഹായമെത്തിക്കുന്നതെന്നതിനാലും ഉക്രൈന്‍ സഹായപദ്ധതിയെ അംഗീകരിക്കുന്നില്ല എന്നതിനാലുമാണിത്. സഹായസാമഗ്രികളുടെ മറവില്‍ സൈനിക കടന്നുകയറ്റത്തിനാണോ റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈന്‍ ഭയപ്പെടുന്നുണ്ട്.