സ്വകാര്യ ബസ് സമരം തുടരുന്നു: ജനം വലഞ്ഞു

Posted on: August 22, 2014 7:32 am | Last updated: August 22, 2014 at 7:32 am

കല്‍പ്പറ്റ: രണ്ട് ദിവസമായി ജില്ലയില്‍ നടന്നുവരുന്ന സ്വകാര്യ ബസ് തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടു. സമരം ആരംഭിക്കുന്നതിന് മുമ്പ് ആഗസ്റ്റ് 19 ന് എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുമായും ബസ്സുടമകളുമായും അനുരജ്ഞന ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. 

ഇന്നലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇരുകൂട്ടരുമായും വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫെയര്‍വേജസ് അടിസ്ഥാനത്തിലുള്ള സേവനവേതന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നും അതുവരെ ഓരോ തൊഴിലാളിക്കും ദിവസവേതനത്തില്‍ 60 രൂപ വീതം വര്‍ദ്ധനവ് നല്‍കാമെന്നും ബസ്സുടമകളുടെ നിര്‍ദ്ദേശം തൊഴിലാളി സംഘടനാ നേതാക്കള്‍ അംഗീകരിച്ചില്ല. നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ ദിവസം 60 രൂപ വര്‍ദ്ധനവും കളക്ഷന്‍ ബത്തയില്‍ 100 രൂപക്ക് രണ്ട് രൂപ വര്‍ധനവുമാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പോലീസ് സൂപ്രണ്ട് പുട്ട വിമാലാദിത്യ, എ.ഡി.എം. എ. അബ്ദുസമദ്, ഡെ. ലേബര്‍ ഓഫീസര്‍ ടി. ബാലന്‍, ആര്‍.ടി.എ. പി.എ. സത്യന്‍, ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. അനുപമന്‍, തൊഴിലാളി-ബസ്സുടമസ്ഥാ സംഘം പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനന്തവാടി: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിത കാല സമരം രണ്ടാം ദിവസവും തുടര്‍ന്നതോടെ യഥാ സമയം വാഹനം കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന പനവല്ലി, കൊയിലേരി, നിരവില്‍പ്പുഴ, കുണ്ടാല, വാറുമ്മല്‍ക്കടവ്, തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഏറെ ബുദ്ധിമുട്ടിയത്. അമിത ചാര്‍ജ്ജ് നല്‍കിയാണ് മിക്ക വിദ്യാര്‍ഥികളും സ്‌കൂളിലെത്തിയത്. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയെങ്കിലും യാത്രക്കാരുടെ ബാഹുല്യം താങ്ങാവുന്നതിലും അധികമായിരുന്നു. പണിമുടക്കിയ സംയുക്ത തൊഴിലാളിയൂണിയനുകള്‍ മാനന്തവാടിയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് പി യു സന്തോഷ് കുമാര്‍, ടി എ റെജി, സി കെ ബഷീര്‍, പി കെ ശശികുമാര്‍, സന്തോഷ് ജി നായര്‍, ഷമീര്‍ മക്കിയാട്, പ്രസാദ് തവിഞ്ഞാല്‍, ഏ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.