പ്രക്ഷോഭകര്‍ പാക് പാര്‍ലിമെന്റ് ഉപരോധിച്ചു

Posted on: August 21, 2014 5:40 am | Last updated: August 21, 2014 at 12:41 am

pak

ഇസ്‌ലാമാബാദ്: പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് ഉപരോധിച്ചു. അകത്തേക്ക് കയറ്റിവിടുകയോ പുറത്തിറങ്ങാനോ സമ്മതിക്കില്ലെന്ന് പാക്കിസ്ഥാന്‍ അവാമി തഹ്‌രീക് നേതാവ് ത്വാഹിറുല്‍ ഖാദിരിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും മറ്റൊരു വഴിയിലൂടെ എം പിമാര്‍ പുറത്തിറങ്ങി. പ്രധാനമന്ത്രി നവാസ് ശരീഫ് അകത്തുണ്ടായിരുന്ന സമയത്താണ് ഖാദിരി ഈ പ്രഖ്യാപനം നടത്തിയത്. ഖാദിരിയുടെയും പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇംറാന്‍ ഖാന്റെയും നേതൃത്വത്തിലുള്ള പ്രക്ഷോഭക സംഘം അഞ്ച് ദിവസമായി തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ തമ്പടിച്ചിരിക്കുകയാണ്. അതേസമയം, പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തണമെന്ന് സൈന്യം ആവശ്യപ്പെട്ടു.
ഖാദിരിക്കും ഖാനും സുപ്രീം കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ശരീഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നുമാണ് ഇരുവരുടെയും ആവശ്യം. കഴിഞ്ഞ ദിവസം പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചിരുന്നു. ഖാദിരിയുടെ ആഹ്വാനത്തെ തുടര്‍ന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിലുണ്ടായിരുന്ന പ്രക്ഷോഭകര്‍ പാര്‍ലിമെന്റ് ഗേറ്റിലേക്ക് കുതിച്ചെത്തിയെങ്കിലും പോലീസോ അര്‍ധസൈനികരോ ഇവരെ തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന്, സമാധാനപരമായി പ്രതിഷേധിക്കാന്‍ ഖാദിരി ആഹ്വാനം ചെയ്യുകയായിരുന്നു. അതേസമയം, ഇന്നലെ രാത്രി എട്ട് മണിക്ക് മുമ്പ് ശരീഫ് രാജിവെക്കണമെന്ന് ഖാന്‍ മുന്നറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൈയടക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
എല്ലാ പാര്‍ലിമെന്റംഗങ്ങളും പ്രതിഷേധത്തെ അപലപിച്ചതായും സര്‍ക്കാറിന് പിന്തുണ അര്‍പ്പിച്ചതായും നിയമ മന്ത്രി മര്‍വി മേമന്‍ അറിയിച്ചു.