Connect with us

National

മഞ്ഞുമലകളില്‍ കാണാതായ ജവാന്റെ മൃതദേഹം 18 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു

Published

|

Last Updated

ന്യുഡല്‍ഹി: കാലാകാലം മഞ്ഞ് മൂടിക്കിടക്കുന്ന സിയാചെന്‍ ഗ്ലാസിയറില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഹവില്‍ദാര്‍ ഗയ പ്രസാദിന്റെ മൃതദേഹം പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യമായ കേടുപാടുകളൊന്നുമേല്‍ക്കാതെ കണ്ടെത്തി. സിയാചെനിലെ സല്‍ടോറൊ റിഡ്ജ് മേഖലയിലാണ് കണ്ടെത്തിയത്.
രക്തം ഉറഞ്ഞുപോകുന്ന കൊടും തണുപ്പുള്ള (മൈനസ് 50- 60 ഡിഗ്രി സെല്‍ഷ്യസ്) ഉത്തര ഗ്ലാസിയറില്‍ നിന്നും കരസേനയുടെ ചീറ്റ ഹെലികോപ്റ്ററില്‍ എത്തിച്ച മൃതദേഹം ഇപ്പോള്‍ ലെയിലെ മിലിട്ടറി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കരസേനയുടെ റോന്ത് ചുറ്റല്‍ സംഘം യാദൃച്ഛികമായാണ് എന്തോ ഒന്ന് ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ടത്. അടുത്തെത്തി നോക്കുമ്പോള്‍ മനുഷ്യന്റെ കൈ. തുടര്‍ന്നാണ് അത് ഗയപ്രസാദിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുന്നത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ഗയ പ്രസാദിന്റെ മൃതദേഹം ജന്മനാടായ ഉത്തര്‍പ്രദേശില്‍ മയിന്‍പുരി ജില്ലയിലെ കുരാരിയ ഗ്രാമത്തിലെത്തിക്കും. തുടര്‍ന്ന് ബന്ധുക്കളുടെയും സൈനിക ഓഫീസര്‍മാരുടെയും സാന്നിധ്യത്തില്‍ സേനാ ബഹുമതികളോടെ സംസ്‌കാരം നടക്കും.
ജോലിക്കിടയില്‍ ഗയപ്രസാദ് മരിച്ചു എന്ന സന്ദേശം മാത്രമായിരുന്നു ആ ജവാന്റെ കുടുംബത്തിന് കരസേനയില്‍ നിന്ന് ലഭിച്ചത്. പക്ഷെ, എങ്ങനെ മരിച്ചു എന്ന ചോദ്യം ഗയപ്രസാദിന്റെ കുടുംബത്തിന്റെ മനസ്സിനെ വേട്ടയാടുകയായിരുന്നു. ഗയപ്രസാദിന്റെ എണ്‍പത് പിന്നിട്ട പിതാവ് ഗജാധര്‍ സിംഗ്, ഭാര്യ രമാദേവി, മകന്‍ സതീഷ്, പെണ്‍മക്കളായ മീന, മഞ്ജു തുടങ്ങി ഒട്ടേറെ പേരുടെ മനസ്സിനെ മഥിച്ചിരുന്ന ചോദ്യത്തിന് മറുപടിയാകുകയാണ്. മകന്‍ മരിച്ചുവെന്ന് ഇതുവരെയും വിശ്വസിക്കാതിരുന്ന ഗജാധര്‍ സിംഗ്, മകന്‍ ഇപ്പോള്‍ തന്റെ ഹൃദയത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് ആശ്വസിക്കുകയാണ്. തനിക്ക് അവന്റെ ചേതനയറ്റ ശരീരമെങ്കിലും കാണാനായി. പക്ഷെ അവന്റെ മാതാവിന് അതിനുള്ള നിര്‍ഭാഗ്യമോ ഭാഗ്യമോ ഇല്ലാതെ പോയെന്ന് ഗജാധര്‍ പ്രസാദ് ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു. ഗയപ്രസാദിനെ കാണാതായെന്ന വിവരം ലഭിക്കുമ്പോള്‍ മകന്‍ സതീഷിന് 12 വയസ്സായിരുന്നു പ്രായം.
ലോകത്തെ ഏറ്റവും ഉയരം കൂടിയ, കൊടുംതണുപ്പുള്ള ഗ്ലാസിയറില്‍ 1996 ഡിസംബറിലാണ് ഗയപ്രസാദിനെ കാണാതായെന്ന വിവരം ലഭിക്കുന്നത്. അന്ന് ഈ മേഖലയില്‍ ഇന്ത്യ, പാക് ഭടന്മാര്‍ തമ്മില്‍ ഏറ്റുമുട്ടലും പതിവായിരുന്നു. ഗയപ്രസാദിനായുള്ള തിരച്ചില്‍ വിഫലമായപ്പോള്‍ മരിച്ചു എന്നും സന്ദേശം ലഭിച്ചു. അതിനുള്ള തെളിവാണ് ഇപ്പോള്‍ കരസേനക്ക് ലഭിച്ചത്.

---- facebook comment plugin here -----

Latest