Connect with us

Editorial

സി പി എമ്മും സി പി ഐയും

Published

|

Last Updated

കമ്യൂണിസ്റ്റ് ഐക്യ ചര്‍ച്ച വീണ്ടും സജീവമായിരിക്കയാണ്. ഈ മാസം 16ന് തൃശൂരില്‍ സി അച്യുത മേനോന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് ഇത്തവണ തുടക്കമിട്ടത്. സി പി എമ്മും സി പി ഐയും ഒരുമിച്ചു നില്‍ക്കണമെന്നാണ് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വികാരമെന്നും ഇത് മാനിച്ചു ഇരു പാര്‍ട്ടികളും ലയിക്കണമെന്നുമായിരുന്നു ബേബിയുടെ നിര്‍ദേശം. ബേബിയുടെ ആവശ്യം പാടേ നിരാകരിച്ച സി പി എം പോളിറ്റ് ബ്യൂറോ, കമ്യൂണിസ്റ്റ് ഐക്യം സംബന്ധിച്ചു അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ചൊവ്വാഴ്ച ആലപ്പുഴയില്‍ പി കൃഷ്ണപ്പിള്ള ദിനാചരണത്തില്‍ പങ്കെടുക്കവെ ബേബി പിന്നെയും ഐക്യത്തിന്റെ അനിവാര്യത ഊന്നിപ്പറയുകയുണ്ടായി. ചടങ്ങില്‍ പങ്കെടുത്ത സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മാഈല്‍ ബേബിയെ പിന്തുണക്കുകയും ചെയ്തു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വവും ബേബിയുടെ നിലപാടിനെ അനുകൂലിച്ചു രംഗത്തു വരികയുണ്ടായി.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് വേണ്ടി സി പി ഐ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതു കക്ഷികളുടെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി മുഖപത്രമായ ജനയുഗം ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്ന കാര്യം ഇരു നേതൃത്വങ്ങളും മനസ്സിലാക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരുന്നു. സി പി ഐയുടെ ഈ ആവശ്യത്തിനു നേരെ സി പി എം എന്നും മുഖം തിരിക്കുകയാണുണ്ടായത്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ആശയപരമായിരുന്നുവെന്നും പിളര്‍പ്പിനാധാരമായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നുമാണ് സി പി എം നിലപാട്. സി പി ഐയുടെ ഐക്യാഹ്വാനം പരസ്യമായ പ്രേമാഭ്യര്‍ഥനയാണെന്ന് പരിഹസിച്ച് ജനയുഗത്തിന്റെ മുഖപ്രസംഗത്തിനെതിരെ ആദ്യമായി രംഗത്ത് വന്നത് എം എ ബേബിയായിരുന്നുവെന്നതാണ് ശ്രദ്ധേയം. അതേ ബേബിയാണിപ്പോള്‍ പുനരേകീകരണത്തിനായി ആവശ്യപ്പെടുന്നത്. സി പി എമ്മിലെ ഒരു മുതിര്‍ന്ന നേതാവ് ഐക്യത്തെ അനുകൂലിച്ചു പരസ്യമായി സംസാരിക്കുന്നതും ഇതാദ്യമായാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഫലമാണെന്ന വിശ്വാസമായിരിക്കണം ബേബിയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്ന് നിരീക്ഷക്കപ്പെടുന്നുണ്ടെങ്കിലും, കേന്ദ്രത്തിലെ ഭരണമാറ്റത്തിന്റെയും തിരഞ്ഞെടുപ്പിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദയനീയ പരാജയത്തിന്റെയും പശ്ചാത്തലത്തില്‍ ഐക്യത്തിന് വേണ്ടിയുള്ള ആഗ്രഹം അണികളില്‍ തീവ്രമാണെന്നത് അനിഷേധ്യമാണ്. 543 സീറ്റുകളുള്ള ലോക്‌സഭയില്‍ കഴിഞ്ഞ തവണ 20 സീറ്റുകളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അംഗ സംഖ്യ ഇത്തവണ പത്തായി ചുരുങ്ങി. മൂന്ന് പതിറ്റാണ്ടിലധികം ഭരിച്ച പശ്ചിമ ബംഗാളില്‍ ഇടതു മുന്നണിയെ നയിച്ചിരുന്ന സി പി എമ്മിന് അധികാരം നഷ്ടപ്പെട്ടു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെങ്കൊടി അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കയാണ്. അതേ സമയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എഴുതിത്തള്ളാകുന്ന ഒരു പ്രസ്ഥാനമല്ല ഇടതുപക്ഷം. സാമ്പത്തിക മേഖലയിലെ ഉദാരവത്കരണം സൃഷ്ടിക്കുന്ന അസമത്വത്തെ ചെറുക്കാനും ദരിദ്രര്‍ക്കും ചൂഷിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദിക്കാനും സര്‍ക്കാറിന്റെ പല നയരൂപവത്കരണങ്ങളിലും പുനര്‍ചിന്തനം സാധ്യമാക്കാനും കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യസംരക്ഷണ മേഖലയിലും ബേങ്കിംഗ് ഇന്‍ഷ്വറന്‍സ് മേഖലയിലുമെല്ലാം അതിരുവിട്ട ഉദാരവത്കരണ നീക്കത്തെ ചെറുക്കുന്നതില്‍ അന്ന് ഭരണത്തെ പുറത്തു നിന്ന് പിന്തുണച്ചിരുന്ന ഇടതു പാര്‍ട്ടികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. നിലവില്‍ രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ജനദ്രോഹ നടപടികളും ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളും ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കെ, ഇടതുപക്ഷങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കയുമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെ കടമകള്‍ നിറവേറ്റാനും നിലപാടുകള്‍ക്ക് അംഗീകാരം നേടാനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തി വീണ്ടെടുക്കേണ്ടതുണ്ട്. ഇവിടെയാണ് കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ ആവശ്യകത പ്രസക്തമാകുന്നത്. സോവിയറ്റ് യൂനിയന്‍ തകര്‍ന്നടിയുകയും ചൈന നയങ്ങളില്‍ സമൂല മാറ്റം വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റ പിളര്‍പ്പിനാധാരമായ കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന വാദത്തില്‍ അത്ര കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ഒറ്റയടിക്ക് ഐക്യം എളുപ്പമല്ലെങ്കിലും ഉള്ളു തുറന്ന ചര്‍ച്ചയിലൂടെ ഇതിനുള്ള വഴി തുറക്കാന്‍ ഇരു നേതൃത്വങ്ങള്‍ക്കും കഴിയും.