Connect with us

Articles

'പ്രായോഗികത' ജനഹിതത്തെ തോല്‍പ്പിക്കുന്ന കാലം

Published

|

Last Updated

കേരളം സംസ്‌കാര സമ്പന്നമാണ്. മലയാളികള്‍ പ്രബുദ്ധരും സാക്ഷരരുമാണ്. എന്നിട്ടും നമ്മുടെ നാട്ടില്‍ കുറേ മാസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നത്് മദ്യക്കച്ചവടത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ്. സംസ്ഥാനത്ത് കള്ള് വകുപ്പ് ഭരിക്കുന്ന മന്ത്രിക്കും പാര്‍ട്ടി ഭരിക്കുന്ന പി സി സി പ്രസിഡന്റിനും ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. സമ്പൂര്‍ണ മദ്യനിരോധം വേണമെന്നാണ് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമെന്ന് വി എം സുധീരനും ജനഹിതമല്ല പ്രായോഗികതയാണ് നോക്കേണ്ടതെന്ന് മന്ത്രി കെ ബാബുവും പറഞ്ഞു നടക്കുകയാണ്. മദ്യം വിഷമാണ്, അത് വില്‍ക്കരുത്, വാങ്ങരുത്, കുടിക്കരുത്, കൊടുക്കരുത് എന്നൊക്കെ പണ്ട് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ക്ക് പറയാനുള്ളത് അതൊന്നുമല്ല. അവരും പ്രായോഗികതയുടെ പ്രയോജനകര്‍ത്താക്കളാണ്.
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരിലും ജനപ്രതിനിധികളിലും ചിലര്‍ ആദ്യമൊക്കെ പറഞ്ഞു മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്ന്, പിന്നീട് ചിലര്‍ പറഞ്ഞു ഘട്ടം ഘട്ടമായി നിരോധിക്കണമെന്ന്. എന്നാല്‍ ഇപ്പോള്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചിട്ട ബാറുകള്‍ തുറക്കണോ വേണ്ടയോ എന്നാണ് ചര്‍ച്ച. ഭരണ, രാഷ്ട്രീയ നേതൃത്വത്തിന് വ്യക്തമായ തീരുമാനം കൈക്കൊള്ളാനാകാത്തതിനാല്‍ സംഗതി കോടതി കയറിയിരിക്കുകയാണ്. വിചാരിച്ചാല്‍ നടപടിയെടുക്കാന്‍ അധികാരമുള്ളവരും കര്‍ശന നിയമം നടപ്പിലാക്കാന്‍ കഴിയുന്നവരും തെരുവില്‍ പ്രസ്താവനകള്‍ നടത്തി കാലം കഴിച്ച് ഒരു തിരഞ്ഞെടുപ്പിന്റെ ഫലം അനുകൂലമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങള്‍ ആസൂത്രിതമായി കോടതിയിലെത്തിച്ച് ജനങ്ങളെ വിഡ്ഢികളാക്കി അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ നിയമത്തിന്റെ പഴുതുകളിലൂടെ സഞ്ചരിക്കുന്ന മദ്യ മാഫിയകള്‍ക്ക് സര്‍ക്കാര്‍ അവസരമൊരുക്കുന്നത് ഗുണകരമല്ലെന്നാണ് ഭരണകക്ഷിയിലെ പ്രമുഖര്‍ തന്നെ പറയുന്നത്.
കോടതി വിധി അനുകൂലമാക്കി മദ്യ വില്‍പ്പനശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം നിര്‍ഭാഗ്യകരമാണെന്നു പറയുന്ന വി എം സുധീരന്‍ ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യം പുനഃപരിശോധിക്കണമെന്നു കോടതി ആവശ്യപ്പെട്ടാലും ഒരു ബാറിനു പോലും അംഗീകാരം നല്‍കരുതെന്നും സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ല; മറിച്ച് പാര്‍ട്ടിയുടെയും ജനങ്ങളുടെയും അഭിപ്രായമാണെന്ന് കെ പി സി സി പ്രസിഡന്റ് ആവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെയൊക്ക പാര്‍ട്ടിപ്രസിഡന്റ് നാട്ടില്‍ ചുറ്റിനടന്ന് പറയുമ്പോഴും, സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടി അംഗീകരിച്ച മദ്യനയം കോടതിയില്‍ അറിയിക്കുന്നതിനു പകരം ബാറുകള്‍ക്ക് അനുകൂലമായ വിധി ചോദിച്ചുവാങ്ങാനാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിച്ചത്. കോടതി പറഞ്ഞാല്‍ സര്‍ക്കാറിന്റെ നിലപാട് പുനഃപരിശോധിക്കാമെന്ന് വരെ അഭിഭാഷകര്‍ കോടതിക്ക് മുമ്പാകെ പറഞ്ഞിരിക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരിലൂടെ ഭരിക്കുന്ന വകുപ്പ് മന്തിയും ബാറുടമകളുടെ താത്പര്യം സംരക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്. വി എം സുധീരന്റെ അഭിപ്രായപ്രകടനം രാഷ്ട്രീയ ലക്ഷ്യങ്ങളോട് കൂടിയാണെന്ന് ആക്ഷേപിക്കുന്നവര്‍ പോലും അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ താത്പര്യമാണെന്ന് പരോക്ഷമായി സമ്മതിക്കുന്നവരാണ്. സംസ്ഥാനത്തെ “പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിച്ചു കൊണ്ട്” കെ പി സി സി പ്രസിഡന്റ് പ്രവര്‍ത്തിച്ചിട്ടും ഇതൊന്നും അറിഞ്ഞ മട്ടിലല്ല സി പി എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നത് അതിശയകരമാണ്.
“ബാറുകളുടെ നിലവാരം ഉയര്‍ത്തി ജനങ്ങളെ കുടിപ്പിക്കുക എന്നതാകരുത് സര്‍ക്കാറിന്റെ നയം. ബാറുടമകളുടെ താത്പര്യത്തിനു പകരം ജനങ്ങളുടെ താത്പര്യമാണു സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്നാല്‍ സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയായിരിക്കും. ജനങ്ങളുടെ സംരക്ഷകരായ ജുഡീഷ്യറിയും ലെജിസ്ലേച്ചറും സംരക്ഷിക്കുന്നതിനു പകരം ജനങ്ങളെ മദ്യ ലോബിക്ക് എറിഞ്ഞുകൊടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നു വരും” – ഇതൊക്കെ വിളിച്ചു പറയാന്‍ വി എം സുധീരന്‍ കാട്ടുന്ന ധീരത കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിരോധമുള്ളവരില്‍ നിന്നു പോലും അദ്ദേഹത്തിന് അഭിനന്ദനം നല്‍കുന്നതാണെന്നത് വാസ്തവമാണ്. അതേ സമയം സര്‍ക്കാറും പാര്‍ട്ടിയും പല തട്ടിലായി നീങ്ങുമ്പോള്‍ കാര്യങ്ങള്‍ ബാറുടമകളുടെ ഇംഗിതം പോലെ നീങ്ങുകയാണെന്ന് വേണം കരുതാന്‍.
നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശപ്രകാരം എക്‌സൈസ് കമ്മീഷനറും നികുതി വകുപ്പ് സെക്രട്ടറിയും അടങ്ങിയ സമിതി നടപടി തുടങ്ങിയിട്ടുണ്ട്. തങ്ങളുദ്ദേശിക്കുന്ന വഴിക്ക് കാര്യങ്ങള്‍ എത്തുമെന്ന് നേരത്തെ ഉറപ്പ് കിട്ടിയതു കൊണ്ടാകണം അടച്ചിട്ട ബാറുകള്‍ മുതലാൡമാര്‍ മോടി പിടിപ്പിച്ച് നിലവാരമുള്ളതാക്കിയിരിക്കുന്നത്. 418 ബാറുകളില്‍ 325ല്‍പ്പരം ബാറുകള്‍ ഇതിനകം നിലവാരം ഉയര്‍ത്തി പരിശോധനക്ക് റെഡിയായിക്കഴിഞ്ഞിട്ടുണ്ട്. എന്തായാലും ബാറുകള്‍ പരിശോധിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാറും മന്ത്രി ബാബുവിന്റെ വകുപ്പും കാര്യങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. നിലവാരമുള്ള ബാറുകള്‍ തുറന്നു കുടിയന്‍മാരുടെയും ബാറുടമകളുടെയും പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന മന്ത്രി കെ ബാബുവിനും ബാറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ലെന്ന് പറയുന്ന പാര്‍ട്ടി പ്രസിഡന്റിനും നടുവില്‍ പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുകയാണ് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി.
ഇതൊക്കെ നിലവിലെ സ്ഥിതിഗതികളാണെന്നിരിക്കെ, മദ്യത്തെ കുറിച്ച് കേരളത്തെ കുറിച്ച് പ്രധാനമായ ചില യാഥാര്‍ഥ്യങ്ങളുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം കഷ്ടിച്ചേ കേരളത്തിലുള്ളൂ എങ്കിലും മദ്യവില്‍പ്പനയുടെ 16 ശതമാനവും ഇവിടെയാണ്. മലയാളിയുടെ മദ്യ ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണിപ്പോള്‍. മുമ്പ് 300 പേരില്‍ ഒരാള്‍ മദ്യപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 പേരില്‍ ഒരാള്‍ മദ്യപാനിയാണ്. ജനസംഖ്യയില്‍ അഞ്ച് ശതമാനം മദ്യത്തിന് പൂര്‍ണമായും അടിമകളായി മാറിക്കഴിഞ്ഞു. യുവതലമുറക്ക് മദ്യത്തോടുള്ള ആസക്തി ഏറിവരികയാണ്. വിദ്യാര്‍ഥികള്‍ പോലും മദ്യത്തിന് അടിമകളാകുന്ന അവസ്ഥയാണ്.1980ല്‍ മദ്യ ഉപഭോക്താക്കളുടെ കുറഞ്ഞ പ്രായം 18 വയസായിരുന്നു. ഇപ്പോഴത് 12-13 വയസ്സിലെത്തി നില്‍ക്കുന്നു.
കഴിഞ്ഞ സര്‍ക്കാറിന്റെ അഞ്ച് വര്‍ഷക്കാലത്ത് 23,712 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ വിറ്റുവരവ് 11 വര്‍ഷത്തിനുള്ളില്‍ 420 ശതമാനം വര്‍ധിച്ചു. 2001-02ല്‍ 1694 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് 2012-13ല്‍ ഇത് 8,818.18 കോടി രൂപയായി. സംസ്ഥാനത്ത് 1981ല്‍ ആകെയുണ്ടായിരുന്നത് 144 ബാറുകളായിരുന്നു. എന്നാല്‍ ഇപ്പോഴത് അത് 753 എണ്ണമായി. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മദ്യവില്‍പ്പന ഭീതിജനകമായ രീതിയിലാണ് വര്‍ധിക്കുന്നതെന്ന് കണക്കുകള്‍ പറയുകയാണ്. വിവാഹമോചന കേസുകളില്‍ 80 ശതമാനത്തിലും മദ്യാസക്തിയാണ് വില്ലന്‍. റോഡ് അപകടങ്ങളിലും പ്രധാന കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതാണെന്നും മന്ത്രി കണക്കുകളുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ പറയുന്നു. യു ഡി എഫ് പ്രകടന പത്രികയില്‍ ഘട്ടം ഘട്ടമായി മദ്യനിരോധം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ എക്‌സൈസ് മന്ത്രി ഓര്‍ക്കുന്നില്ലെന്ന് വേണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. സിനിമയില്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്ന് മുഴുത്ത അക്ഷരത്തില്‍ എഴുതിക്കാണിക്കാണിക്കുന്നുണ്ട്. പോരാത്തതിന് മമ്മൂട്ടിയെ അംബാസഡറാക്കി “മദ്യമല്ല ലഹരി, ജീവിതമാണ് ലഹരി” എന്ന പേരില്‍ ചെറുപ്പക്കാരെ ലഹരിവര്‍ജകരാക്കുന്നതിന് നവമാധ്യമങ്ങളിലൂടെ നമ്മുടെ എക്‌സൈസ് മന്ത്രിയുടെ വകുപ്പ് എന്തെല്ലാം ശ്രമങ്ങളാണ് നടത്തുന്നത്! കഴിഞ്ഞ സര്‍ക്കാര്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷങ്ങളാണ് ചെലവഴിച്ചതെങ്കില്‍ ഈ സര്‍ക്കാര്‍ ഈ വഴിയില്‍ ആറ് കോടിയിലധികം ഇതിനകം ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും പാതിരാത്രി വരെ ക്യൂവില്‍ നിന്ന് മദ്യം വാങ്ങിക്കുടിക്കുമെന്ന് മലയാളി തീരുമാനിച്ചാല്‍ എന്ത് ചെയ്യാം! മദ്യ ഉപഭോഗം കുറക്കുന്നതിനുള്ള ഏത് നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. പക്ഷേ അത് ഒരു വഴിക്ക് ആവശ്യക്കാര്‍ക്ക് മുക്കിനും മൂലയിലും ബിവറേജസ് കോര്‍പറേഷന്‍ തുറന്നും ബാറുകള്‍ക്ക് അനുമതിനല്‍കിയും മദ്യക്കച്ചവടം നടത്തിക്കൊണ്ടാകരുത്.
ഇതിന്റെ പിന്നില്‍ ധാര്‍മികമായി നാം ചിന്തിക്കേണ്ട മറ്റൊരു വശം കൂടിയുണ്ട്; സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് ശരിയോ എന്ന പ്രശ്‌നം. അതും ലഹരി ആരോഗ്യത്തിന് ഹാനികരമാണെന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ച് വിഷം വില്‍കുന്ന പരിപാടി. ഇന്ത്യ ഒഴികെ ലോകത്തൊരിടത്തും സര്‍ക്കാറുകള്‍ മദ്യവില്‍പ്പന നടത്തുന്നില്ല. മദ്യവില്‍പ്പന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത് അധാര്‍മികമാണെന്ന ബോധം നമുക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഉണ്ട്. ലോകത്തെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലിക തത്വം പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും നന്നാക്കുകയും ചെയ്യുന്ന നയങ്ങള്‍ ആവിഷ്‌കരിക്കുക എന്നതാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ മാറി മാറിവരുന്ന സര്‍ക്കാറുകള്‍ പാവങ്ങളുടെ ജീവിതത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന മദ്യനയങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ശാരീരികമായും മാനസികമായും കുടുംബപരമായും ആത്മീയമായും സാമ്പത്തികമായും സാമൂഹികമായും മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണ് മദ്യം. നാട്ടിലെ ജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തു ഒരു ജനാധിപത്യ സര്‍ക്കാര്‍ വില്‍ക്കുന്നത് നിലവാരമുള്ളതാക്കുമെന്ന് പറയുന്ന ഭരണകര്‍ത്താകളെ ഏത് പേരിട്ടാണ് വിളിക്കേണ്ടതെന്ന് സാക്ഷര കേരളം തീരുമാനിക്കേണ്ടിയിരിക്കുന്നു. ലക്ഷോപലക്ഷം കുടുംബങ്ങളെ ദരിദ്രമാക്കിക്കൊണ്ടാണ് സര്‍ക്കാറും മദ്യശാലകളും ധനം വാരിക്കൂട്ടുന്നത്. സര്‍ക്കാറിന്റെ മദ്യവരുമാനം മദ്യവിപത്തുകളിലൂടെ ചെലവാകുന്നുണ്ടെന്ന വസ്തുത വേറെ കാര്യം. മദ്യ ലഭ്യതയും വിതരണവും സുഗമമാക്കി പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് അവനെ അധാര്‍മികനാക്കി മാറ്റുന്നത് എങ്ങനെ ന്യായികരിക്കാനാകും? മനുഷ്യന്റെ ജീവിത സങ്കല്‍പ്പങ്ങള്‍ക്ക് എവിടെയൊക്കെ തകിടംമറിച്ചിലുകള്‍ സംഭവിച്ചിട്ടുണ്ടോ അവിടെയൊക്കെ മദ്യത്തെ വില്ലനായി നമുക്ക് മുന്നില്‍ നില്‍ക്കുന്നത് കാണാനാകും. ഇവിടെ കൊലയും കൊള്ളിവെപ്പും പീഡനങ്ങളും അഴിമതിയും ധൂര്‍ത്തും മദ്യലഹരിയിലാണ് അരങ്ങേറുന്നത്. വാഹനാപകടങ്ങള്‍, വിവാഹമോചനങ്ങള്‍, സ്ത്രീപീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ആത്മഹത്യകള്‍, കുടുംബ കലഹങ്ങള്‍ എന്നിവക്ക് പിന്നിലും മദ്യത്തെ കാണാം. പകയും കലഹവും രോഗവും അധര്‍മവും അരാജകത്വവും മദ്യത്തിന്റെ വിപത്തുകളാണ്.
തിന്മകളുടെ താക്കോലാണ് മദ്യമെന്ന് തിരുനബി പറഞ്ഞുെവച്ചിട്ടുള്ളത് എത്രയോ അര്‍ഥവത്തായി നമുക്ക് മുന്നില്‍ പുലര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് മലയാളക്കരയില്‍ സമ്പൂര്‍ണമായി മദ്യ നിരോധം നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് കാലങ്ങളായി സര്‍ക്കാരിനോട് നമ്മുടെ നാട്ടിലെ മതസംഘടനകളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും കുടുബിനികളും ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ തിരഞ്ഞെടുത്ത് മന്തിസ്ഥാനവും അധികാരവുമൊക്കെ നല്‍കിയ ജനങ്ങള്‍ പറയുന്നത് കേട്ടില്ലെങ്കിലും സ്വന്തം പാര്‍ട്ടി പ്രസിഡന്റ് പറയുന്നതെങ്കിലും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കേള്‍ക്കാന്‍ തയ്യാറാകേണ്ടതുണ്ട്. മറിച്ച് ജനഹിതമല്ല പ്രായോഗികതയാണ് വലുതെന്ന് പറഞ്ഞിരുന്നാല്‍ യു പി എ സര്‍ക്കാറിന്റെ ഗതി വരുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത് അറം പറ്റുമെന്ന് മന്തി ബാബുവിന് മനസ്സിലാകില്ലെങ്കിലും ഉമ്മന്‍ ചാണ്ടി മനസ്സിലാക്കുന്നത് നന്നായിരിക്കും.

Latest