Connect with us

Kollam

കെ എം എം എല്‍ വാതക ചോര്‍ച്ച: വിദഗ്ധ സംഘം പരിശോധന തുടങ്ങി

Published

|

Last Updated

കൊല്ലം: ചവറ കെ എം എം എല്ലിലെ വാതക ചോര്‍ച്ച സംബന്ധിച്ച് വിദഗ്ധ സംഘം പരിശോധന തുടങ്ങി. ചെന്നൈ അഡയാറിലെ നാഷനല്‍ ലേബര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.ആര്‍ കെ ഇളങ്കോവന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇന്നലെ രാവിലെയാണ് സംഘം കെ എം എം എല്ലില്‍ എത്തിയത്. പരിശോധനയുടെ റിപ്പോര്‍ട്ട്, കമ്പനി ചെയര്‍മാന്‍ കൂടിയായ അഡീഷനല്‍ ചീഫ് സെക്രട്ടറി സോമസുന്ദരത്തിന് നാളെ സമര്‍പ്പിക്കുമെന്ന് ഇളങ്കോവന്‍ പറഞ്ഞു. കേന്ദ്ര ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വിഭാഗത്തിലെ വിദഗ്ധരും സംഘത്തിലുണ്ട്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട രണ്ട് പ്ലാന്റുകള്‍ ഉള്‍പ്പെടെ കെ എം എം എല്ലിലെ എല്ലാ പ്ലാന്റുകളും സംഘം പരിശോധനക്ക് വിധേയമാക്കും. വാതക ചോര്‍ച്ച നടന്ന പ്ലാന്റ് 200 കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

ഇവിടെ കൂടുതല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയാല്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിന് പൂര്‍ണ തടസ്സമുണ്ടാകും. പ്ലാന്റുകള്‍ക്ക് അപകട സാധ്യതയുണ്ടോയെന്നും ഭാവിയില്‍ വാതക ചോര്‍ച്ച ഉണ്ടാകുമോ എന്നത് സംബന്ധിച്ചും പരിശോധിക്കുന്നുണ്ട്.
കമ്പനിയില്‍ നിന്ന് ഏത് തരത്തിലുള്ള വാതകമാണ് ചോര്‍ന്നതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് നിര്‍ണായകമായിരിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശോധനയില്‍ ചോര്‍ന്ന വാതകം ഏതാണെന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
കെ എം എം എല്ലില്‍ നിന്നുള്ള മലിനീകരണം കാരണം ഫാക്ടറി പരിസരത്തെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ളം ഉപയോഗശൂന്യമായതിന്റെ കാരണങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും പന്മനയിലെത്തിയിട്ടുണ്ട്. കെ എം എം എല്ലിനു സമീപത്തെ ചിറ്റൂര്‍, മേക്കാട്, കളരി, ഇടപ്പള്ളിക്കോട്ടയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്.
രണ്ട് ദിവസങ്ങളിലുണ്ടായ വാതക ചോര്‍ച്ചക്കിടെ ജനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തിനിടെ ജല പ്രശ്‌നവും ഉയര്‍ന്നുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ജലപരിശോധനക്കായി എത്തിയത്.
അതേസമയം, വാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തിയ എ ഡി ജി പി. എ ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിച്ചു. വാതക ചോര്‍ച്ചയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് എ ഡി ജി പി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വാതകചോര്‍ച്ചയുമായി ബന്ധപ്പെട്ട് കെ എം എം എല്ലിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായും എ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest