Connect with us

International

കറുത്ത വര്‍ഗക്കാരന്റെ വധം: മിസൂറിയില്‍ വ്യാപക അറസ്റ്റ്‌

Published

|

Last Updated

ഫെര്‍ഗൂസന്‍: കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് പ്രക്ഷോഭം ശക്തമായ അമേരിക്കയിലെ മിസൂറിയിലെ ഫെര്‍ഗൂസന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസും പ്രക്ഷോഭകരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. വന്‍ തോതില്‍ വെടിവെപ്പ് നടത്തിയതായും 31 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കണ്ണീര്‍വാതക പ്രയോഗമാണ് നടത്തിയതെന്നും ബുള്ളറ്റ് ഉപയോഗിച്ചില്ലെന്നും സംസ്ഥാന പട്രോള്‍ ക്യാപ്റ്റന്‍ റോണ്‍ ജോണ്‍സണ്‍ അറിയിച്ചു.
പ്രക്ഷോഭകരില്‍ നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാല് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. രണ്ട് പ്രക്ഷോഭകര്‍ക്ക് വെടിയേറ്റെന്നും എന്നാല്‍ പോലീസ് വെടിവെച്ചില്ലെന്നും ജോണ്‍സണ്‍ അറിയിച്ചു. പ്രക്ഷോഭ കേന്ദ്രമായ സെന്റ് ലൂയിസില്‍ രാത്രികാല കര്‍ഫ്യൂ തുടരുകയാണ്. നാഷനല്‍ ഗാര്‍ഡ്, സംസ്ഥാന സൈനികര്‍ തുടങ്ങിയവയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനത്തിന് പ്രസിഡന്റ് ബരാക് ഒബാമയും പൗരസമൂഹവും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫെര്‍ഗൂസന്‍ നഗരത്തിലെ ജനസംഖ്യ 21,025 ആണ്. ഇവരില്‍ 65 ശതമാനവും കറുത്ത വര്‍ഗക്കാരോ ആഫ്രിക്കന്‍ കറുത്ത വര്‍ഗക്കാരോ ആണ്. ആറ് ശതമാനം പോലീസ് ഉദ്യോഗസ്ഥര്‍ കറുത്ത വര്‍ഗക്കാരും ഒമ്പത് ശതമാനം തൊഴില്‍രഹിതരുമാണ്. 21 ശതമാനം കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്.
കഴിഞ്ഞ ഒമ്പതാം തീയതി മൈക്കിള്‍ ബ്രോണെന്ന 18കാരന്‍ കൊല്ലപ്പെട്ടതിന് ശേഷം ദിവസവും രാത്രി പ്രതിഷേധകര്‍ തെരുവിലിറങ്ങുന്നുണ്ട്. ബ്രോണിനെ വെടിവെച്ചു കൊന്ന ഡാരണ്‍ വില്‍സണെന്ന പോലീസുകാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. കടയില്‍ നിന്ന് സിഗരറ്റ് മോഷ്ടിച്ചയാളെന്ന സംശയത്തിലാണ് പോലീസുകാരന്‍ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നതെന്ന് പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. “കൈ പൊക്കൂ, വെടിവെക്കരുത് എന്ന മുദ്രാവാക്യം വിളിച്ച് പോലീസിന് നേരെ കൈകള്‍ പൊക്കിയാണ് പ്രതിഷേധം.

Latest