അസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Posted on: August 20, 2014 5:37 am | Last updated: August 20, 2014 at 12:37 am

Asaram-Bapu-Pardaphash-76380ന്യൂഡല്‍ഹി: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് 72കാരനായ അസാറാം ബാപ്പു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതിനായി ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ജാമ്യം നിഷേധിച്ചത്.
ജോധ്പൂരിലെ എസ് എന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ അസാറാമിനെ പരിശോധിക്കും. പരിശോധനയുടെ റിപ്പോര്‍ട്ട് സെപ്തംബര്‍ 23ന് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. അതിന് ശേഷം കൂടുതല്‍ വാദം കേള്‍ക്കും. കേസിലെ സാക്ഷിമൊഴികള്‍ വിചാരണക്കോടതി പൂര്‍ണമായി തള്ളിയാല്‍ മാത്രമേ അസാറാം ബാപ്പുവിന്റെ ജാമ്യം പരിഗണിക്കാന്‍ നിര്‍വാഹമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ജോധ്പൂരിലെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 16കാരി 2013 ആഗസ്റ്റ് 20ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അസാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.