പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കില്ലെന്ന് സ്പീക്കറുടെ അന്തിമ തീരുമാനം

Posted on: August 20, 2014 5:34 am | Last updated: August 20, 2014 at 12:36 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ പിന്തുണയോടെയാണ് താന്‍ ഈ അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തിലാണ് താന്‍ തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു. ലോക്‌സഭയുടെ ആകെ അംഗസംഖ്യയുടെ 10 ശതമാനത്തിലധികം അംഗബലമുള്ള രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ നേതാവിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്നാണ് ചട്ടം. ഇതുപ്രകാരം 55 സീറ്റ് വേണം. കോണ്‍ഗ്രസിന് 44 സീറ്റേ ഉള്ളൂ. ഈ സാഹചര്യത്തില്‍ അവര്‍ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്ന നിലപാടിലാണ് നേരത്തേ തന്നെ സര്‍ക്കാറും ബി ജെ പിയും.
സ്പീക്കര്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. മല്ലികാര്‍ജുന ഖാര്‍ഗേയെ പ്രതിപക്ഷ നേതാവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്പീക്കര്‍ക്ക് കത്തെഴുതുകയും ചെയ്തു. അതിനിടെ, അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം സ്പീക്കര്‍ തേടി. 44 സീറ്റുള്ള കക്ഷിക്ക് നേതൃസ്ഥാനം നല്‍കാന്‍ ചട്ടമോ കീഴ്‌വഴക്കമോ ഇല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിയമോപദേശം. ഈ നിയമോപദേശത്തിന്റെ പിന്‍ബലത്തിലാണ് സ്പീക്കര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് സ്പീക്കര്‍ കത്തെഴുതും.
പ്രതിപക്ഷ നേതൃസ്ഥാനമില്ലാത്തത് ലോക്പാല്‍ അടക്കമുള്ള നിരവധി സമിതികളെ പ്രതിസന്ധിയിലാക്കും.