ആസൂത്രണ കമ്മീഷന്‍: ബദല്‍ സംവിധാനത്തെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നു

Posted on: August 20, 2014 5:34 am | Last updated: August 20, 2014 at 12:34 am

ന്യൂഡല്‍ഹി: അറുപത്തിനാല് വര്‍ഷമായി രാജ്യത്തിന്റെ സാമ്പത്തിക മുന്‍ഗണനകള്‍ നിശ്ചയിച്ചിരുന്ന ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിടാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരവേ, ബദല്‍ സംവിധാനത്തെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അഭിപ്രായം തേടുന്നു. ആസൂത്രണ കമ്മീഷന് പകരമായുള്ള പുതിയ സമിതിയുടെ പേര്, രൂപം, വ്യാപ്തി തുടങ്ങിയവയെക്കുറിച്ച് പൊതു ജനങ്ങള്‍ അവരുടെ കാഴ്ചപ്പാടുകള്‍ അറിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
www.mygov.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താമെന്നാണ് മോദി വ്യക്തമാക്കുന്നത്. തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു.
21 ാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന തരത്തില്‍ രാജ്യത്തെ നയിക്കാന്‍ ആസൂത്രണ കമ്മീഷന്‍ അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ അതിന്റെ സാധുത നഷ്ടമായിരിക്കുന്നുവെന്ന് തന്റെ ട്വിറ്ററില്‍ മോദി പറയുന്നു. ‘മൈ ഗവണ്‍മെന്റി’ല്‍ ഒരു തുറന്ന ചര്‍ച്ചക്ക് തുടക്കം കുറിക്കുകയാണ്. പുതിയ സംവിധാനത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ഒഴുകട്ടെ-ട്വീറ്റ് തുടരുന്നു. പുതിയ സമിതിയുടെ പേര്, ലോഗോ, ടാഗ് ലൈന്‍ തുടങ്ങിയവയെല്ലാം പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന നിര്‍ദേശം മുന്നോട്ട് വെച്ചവര്‍ക്ക് സമ്മാനം ലഭിക്കും. ഈ മാസം 25നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ നിര്‍ദേശങ്ങളുടെ പെരുമഴ തുടങ്ങിയിരിക്കുന്നു. സെന്‍ട്രല്‍ ബ്യൂറോ എക്‌സലന്‍സ്, നാഷനല്‍ ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് നിര്‍മാണ്‍ ആയോഗ്, രാഷ്ട്രീയ വികാസ് സേവാ ആയോഗ്…. ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഒരു സമിതി തന്നെയാണ് നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നത്. എന്നാല്‍ ആസൂത്രണ കമ്മീഷനില്‍ നിന്ന് വ്യത്യസ്തമായി പുതിയ സമിതിയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുണ്ടാകും. സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, മുതിര്‍ന്ന സാമൂഹിക ശാസ്ത്രജ്ഞര്‍ തുടങ്ങിയവരും നിര്‍ദിഷ്ട സമിതിയില്‍ അംഗങ്ങളാകും. ഡി എം ആര്‍ സി മുന്‍ മേധാവി ഇ ശ്രീധരനെ പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആസൂത്രണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്ക് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.