ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ്: മന്ത്രിയെ ചോദ്യം ചെയ്തു

Posted on: August 20, 2014 5:33 am | Last updated: August 20, 2014 at 12:34 am

കൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് കുംഭകോണ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന ടെക്‌സ്റ്റൈല്‍ മന്ത്രിയുമായ ശ്യാമപാദ മുഖര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടരേറ്റ് (ഇ ഡി)ചോദ്യം ചെയ്തു. ചലച്ചിത്ര സംവിധായകയും നടിയുമായ അപര്‍ണ സെന്നിനെയും തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ശാരദ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ‘പരമ’ എന്ന മാഗസീനിന്റെ പത്രാധിപയാണ് അപര്‍ണ സെന്‍. കോടിക്കണക്കിന് രൂപയുടെ കുംഭകോണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നല്‍കിയെന്നും അന്വേഷണവുമായി സഹകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അപര്‍ണ സെന്‍ പറഞ്ഞു.
ശാരദ ഗ്രൂപ്പ് ഉടമ സുധീപ്ത സെന്നുമായി താന്‍ നടത്തിയ ഒരു ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്ന് മന്ത്രി ശ്യാമപാദ മുഖര്‍ജി അറിയിച്ചു. സംസ്ഥാന സര്‍ക്കാറുമായി ശാരദ ഗ്രൂപ്പിന് ഉറ്റ ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയക്കാരും, ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി ശാരദ ഗ്രൂപ്പ് കോടികളുടെ ബിസിനസ് നടത്തിയിരുന്നു. ഭൂമി കൈമാറ്റവും ഒരു സിമന്റ് ഫാക്ടറിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് മുഖര്‍ജിയെ ചോദ്യം ചെയ്തത്. ഇത് വാങ്ങിയത് ശാരദ ഗ്രൂപ്പാണ്. 2009ലായിരുന്നു ഇടപാട്. കോടികള്‍ വിലവരുന്ന സ്ഥലവും സിമന്റ് ഫാക്ടറിയും നാമമാത്രമായ വിലക്കാണ് ശാരദ ഗ്രൂപ്പ് ഉടമ സുധീപ്ത സെന്നിന് വിറ്റതെന്ന ആരോപണം വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ മന്ത്രി മുഖര്‍ജി നിഷേധിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ തനിക്കോ, മുഖ്യമന്ത്രി മമത ബാനര്‍ജിക്കോ അമ്പരപ്പില്ലെന്ന് മുഖര്‍ജി പറഞ്ഞു. ‘അവര്‍ (ഇ ഡി) എന്നോട് സുധീപ്ത സെന്നിനെ കുറിച്ച് ചില കാര്യങ്ങള്‍ ആരാഞ്ഞു. എനിക്ക് അറിയില്ലെന്ന് മറുപടി നല്‍കി. 2009ല്‍ ഞങ്ങള്‍ക്ക് ശാരദ ഗ്രൂപ്പിനെ കുറിച്ച് അറിവില്ലായിരുന്നു. അതുകൊണ്ടുതന്നെ സുധീപ്ത സെന്നിനെ കുറിച്ചും കൂടുതലൊന്നും അറിയില്ലായിരുന്നു-‘മന്ത്രി മുഖര്‍ജി പറഞ്ഞു.
ബംഗാളിലും അസമിലും ഒഡിഷയിലുമായി ലക്ഷക്കണക്കിന് നിക്ഷേപകരില്‍ നിന്നും 10,000 കോടിയിലേറെ രൂപ സമാഹരിച്ചു എന്ന കേസില്‍ ഇ ഡിക്ക് പുറമെ സി ബി ഐയും അന്വേഷണം നടത്തുന്നുണ്ട്. ലക്ഷക്കണക്കിനാളുകളെയാണ് കമ്പനി വഞ്ചിച്ചത്. സുധീപ്ത സെന്നിന് പുറമെ കമ്പനിയുടെ ഒട്ടേറെ ജീവനക്കാരും ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ശാരദ ഗ്രൂപ്പിന്റെ മാധ്യമ വിഭാഗം തലവനായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം പി കുനാല്‍ ഘോഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.