അഞ്ച് കുട്ടികളെ കൊല ചെയ്ത സംഭവം:വധശിക്ഷയില്‍ ഇളവ് തേടി സഹോദരിമാര്‍

Posted on: August 20, 2014 6:00 am | Last updated: August 20, 2014 at 7:16 am

Untitled-1 copyമുംബൈ: തട്ടിക്കൊണ്ടുപോയ അഞ്ച് കുട്ടികളെ കൊല ചെയ്ത കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് സഹോദരിമാര്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുന്നു. സുപ്രീം കോടതി ശരിവെച്ച വധശിക്ഷ ഇളവ് ചെയ്യാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാ ഹരജിയും തള്ളപ്പെട്ട സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കുന്നതിലുണ്ടായ 13 വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാണിച്ച് സഹോദരിമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. രേണുക ഷിന്‍ഡെ(45), അര്‍ധസഹോദരി സീമ ഗാവിത്(39)എന്നിവരാണ് ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യണമെന്ന അഭ്യര്‍ഥനയുമായി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നത്. 2001ലാണ് കോടതി ഇവരെ തൂക്കിലേറ്റാന്‍ ശിക്ഷിച്ചത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും മോഷണ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു ഈ സഹോദരിമാരുടെ പ്രവര്‍ത്തന ശൈലി. വഴങ്ങാത്തവരെ കൊല ചെയ്യും. 13 കുട്ടികളെയാണ് ഇവര്‍ തട്ടിക്കൊണ്ടു വന്നിരുന്നത്. ഇവരില്‍ ഒമ്പത് പേരെ കൊല ചെയ്തു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അഞ്ച് കൊലപാതകങ്ങള്‍ മാത്രമേ തെളിയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. 2006ല്‍ ഇവരുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. തുടര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് സമര്‍പ്പിച്ച ദയാഹരജി കഴിഞ്ഞ മാസമാണ് തള്ളിയത്. അതോടെ സഹോദരിമാരെ തൂക്കിലേറ്റാന്‍ വഴിതുറന്നു. ഈ സാഹചര്യത്തിലാണ് അവരുടെ അഭിഭാഷകനായ സുധീപ് ജയ്‌സ്വാള്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുന്നത്. 2010 മുതല്‍ ഇദ്ദേഹമാണ് സഹോദരിമാര്‍ക്കായി ഹാജരാകുന്നത്. ശിക്ഷ നടപ്പാക്കുന്നതിലുണ്ടായ 13 വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യണമെന്ന അപേക്ഷ.
ശിക്ഷ നടപ്പാക്കുന്നതിലെ അസാധാരണമായ, ന്യായീകരണമില്ലാത്ത കാലതാമസം വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിലുണ്ടായാല്‍ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാന്‍ മതിയായ കാരണമാണെന്ന് ഈ വര്‍ഷം സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ ബലത്തിലാണ് സഹോദരിമാര്‍ക്കായി മുംബൈ ഹൈക്കോടതിയെ സമീപിക്കുന്നത്.