Connect with us

Malappuram

വാഹനമിടിച്ചു പരുക്കേറ്റ മയിലിന് വിൈപി ചികിത്സ

Published

|

Last Updated

മലപ്പുറം: റോഡപകടങ്ങളില്‍പ്പെട്ട് സഹായത്തിനായി കേഴുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നവരുള്ള നമ്മുടെ നാട്ടില്‍ നിന്ന് നല്ലൊരു വാര്‍ത്ത. വാഹനമിടിച്ച് പരുക്കേറ്റ ആണ്‍ മയിലിനെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയാണ് രണ്ട് യുവാക്കള്‍ ദേശീയ പക്ഷിയോട് കാരുണ്യം കാണിച്ചത്. എടപ്പാള്‍ വട്ടംകുളം നെല്ലിശ്ശേരിയില്‍ തീറ്റ തേടി നടക്കുന്നതിനിടെയാണ് മയിലിന് വാഹനമിടിച്ചത്. മുറിവേറ്റ് പിടയുന്ന മയിലിനെ കണ്ട ശുകപുരം കങ്കയില്‍ വളപ്പില്‍ ശിഹാബ്, കഴുങ്കില്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ ഉടനെ മയിലിനെ കാലടി മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ ശസ്ത്രക്രിയാ സൗകര്യമുണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവിടുത്തെ മൃഗ ഡോക്ടറും വെറ്ററിനറി സര്‍ജനുമായ രാഗേഷ് എസ് ജയനും യുവാക്കളും മയിലിനെയുമായി 55 കിലോമീറ്റര്‍ അകലെയുള്ള മലപ്പുറം ജില്ലാ മൃഗാശുപത്രിയിലേക്ക് കാറില്‍ കുതിച്ചു. ചിറകിനോട് ചേര്‍ന്ന് മുതുകില്‍ നീളത്തിലുള്ള മുറിവു മൂലം അനങ്ങാന്‍ വയ്യാതെ കിടന്ന മയിലിന് ആശുപത്രിയില്‍ ലഭിച്ചത് വി ഐ പി ചികിത്സയും പരിഗണനയും. മൂന്ന് മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. ഇവയിലൊന്ന് ആഴത്തിലുള്ളതായിരുന്നു. ഇതിന് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അനസ്‌തേഷ്യ നല്‍കി മുറിവ് തുന്നിക്കെട്ടി. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ മയില്‍ പതുക്കെ ചിറക് വിടര്‍ത്തിയതോടെ ദേശീയ പക്ഷിയെ രക്ഷിക്കാനായതിന്റെ നിര്‍വൃതിയിലായിരുന്നു ഡോക്ടര്‍മാരും യുവാക്കളും.
ചെറിയ ചതവുകള്‍ കൂടിയുള്ളതിനാല്‍ ആന്റിബയോട്ടിക്കും വേദനസംഹാരിയുമെല്ലാം നല്‍കി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണിപ്പോള്‍ മയില്‍. ഡോ. ജോര്‍ജ് പി ജോണ്‍, ഡോ. സബീര്‍ ഹുസൈന്‍, ഡോ. ഹംസ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. മയില്‍ സുഖം പ്രാപിച്ച് വരുന്നതായും വനം വകുപ്പിന് കൈമാറുമെന്നും ഡോ. ഹംസ പറഞ്ഞു. വിശപ്പകറ്റാനായി ജീവനുള്ള പാമ്പിനെ നല്‍കിയെങ്കിലും മയില്‍ കണ്ട ഭാവം നടിച്ചില്ല. പിന്നീട് ധാന്യങ്ങള്‍ ഭക്ഷിച്ചാണ് മയില്‍ വിശപ്പകറ്റിയത്. വാഹനമിടിച്ചു പരുക്കേറ്റ കുറുക്കനെയും നേരത്തെ ഇവിടെ ശസ്ത്രക്രിയ നടത്തിയിരുന്നു.

Latest